മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സ്കില്ഫെസ്റ്റിനും കരിയ ര്ഫെസ്റ്റിനും നെല്ലിപ്പുഴ മുബാസ് മൈതാനത്ത് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ശാസ്ത്രീയ അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രമേളകള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോ ട്ടിക്സ് തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകളാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്. ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്ക്കുമൊപ്പം വിനോദവും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കില്ഫെസ്റ്റിന്റെ ഭാഗമായി വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.സി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കെ.വി. മനോജ് അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. സജ്ന മുഖ്യാതിഥിയായി. വി.എച്ച്. എസ്.സി കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. അസ്ഹര്‍ മുഖ്യപ്രഭാഷണം നടത്തി. വാദ്യകലാകാരന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെ ആദരിച്ചു. ‘വണ്‍ സ്കൂള്‍, വണ്‍ പ്രൊഡക്റ്റ്’ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ഒല്ലൂര്‍ വൈലോപ്പിള്ളി ശ്രീധരമേനോന് ഗവ. വി.എച്ച്.എസ്. സിയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ചണ ഉത്പന്നങ്ങളും കണ്ണൂര്‍ പയ്യന്നൂര്‍ ഗേള്‍സ് ജി.വി.എച്ച്. എസ്.എസിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച സൗന്ദര്യവര്‍ധക വസ്തുക്കളും മന്ത്രിക്ക് കൈമാറി.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം. ശങ്കര്‍, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി. ഷൗക്കത്ത്, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ കെ.കെ. അഷ്റഫ്, വി.എച്ച്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ലിസി ജോസഫ്, കുറ്റിപ്പുറം വി.എച്ച്.എസ്.സി റീജിയണല്‍ ഓഫിസ് അസിസ്റ്റ ന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ. അനില്‍കുമാര്‍, വൈസ് ചെയര്മാന് ആര്. ഷിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
