മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രലോകത്തെ അത്ഭുതങ്ങള്‍ക്കൊപ്പം സ്വന്തം ഭാവിയിലേക്കുള്ള കൃത്യമായ വഴികൂടി കണ്ടെത്താന്‍ ‘കരിയര്‍ സ്റ്റുഡിയോ’ ഒരുങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ സംസ്ഥാന കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്‍ ശാസ്ത്രമേളയില്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടില്‍ നടക്കുന്ന സ്കില്‍ ഫെസ്റ്റിന്റെ ഭാഗമായാണ് പ്രത്യേക സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സിജിസിസിയുടെ പരിശീലനം ലഭിച്ച കരിയര്‍ കോച്ചുമാരുമാണ് കരിയര്‍ സ്റ്റുഡിയോയ്ക്ക് നേതൃത്വം നല്‍കുന്നത്.
ശാസ്ത്രീയമായ പരിശോധനയിലൂടെ ഓരോ വിദ്യാര്‍ഥിയുടെയും ഉള്ളിലെ അഭിരുചികളും കഴി വുകളും കൃത്യമായി തിരിച്ചറിയുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, താല്പര്യങ്ങള്ക്കും കഴിവിനും അനു സരിച്ചുള്ള പഠന-തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ വിദഗ്ധരുടെ നേരിട്ടുള്ള സഹായം ഉറപ്പാ ക്കുന്ന വ്യക്തിഗത കൗണ്‍സലിങ് എന്നിവ സ്റ്റുഡിയോയിലുണ്ടാകും.
ഇതിനുപുറമെ രാജ്യത്തിനകത്തും വിദേശത്തുമുള്ള മികച്ച ഉപരിപഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ ഉന്നതപഠന മാര്‍ഗനിര്‍ദേശങ്ങളും, മാറുന്ന കാലത്തിനനുസരിച്ചുള്ള പുതുതലമുറ തൊഴില്‍ മേഖലകളെക്കുറിച്ചുള്ള വ്യക്തമായ അവബോധവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. ‘പഠനശേഷം എന്ത്?’ എന്ന ആശങ്കയില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വെറും വിവരങ്ങള്‍ കൈ മാറുന്നതിനപ്പുറം, അവരുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് കൃത്യമായ ദിശാബോധം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രമേളകള്‍ കേവലം മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും വേദി കളായി ഒതുങ്ങാതെ, വിദ്യാര്‍ഥികളുടെ ഭാവി വാര്‍ത്തെടുക്കുന്ന ഇടങ്ങളായി കൂടി മാറണമെന്ന കാഴ്ചപ്പാടിലാണ് വി.എച്ച്.എസ്.ഇ. സംസ്ഥാന കരിയര്‍ ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
