മണ്ണാര്‍ക്കാട്: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബഹുജനറാലി ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് എം.ബി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ് സലീഖ, സി.കെ രാജേന്ദ്രന്, ഇ.എന്‍ സുരേഷ്ബാബു, എന്‍.എന്‍ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി വി.ചെന്താ മരാക്ഷന് എന്നിവര്‍ സംസാരിക്കും.
മണ്ണാര്‍ക്കാട് നഗരത്തിലെ കുടുഗ്രൗണ്ടിലാണ് പൊതുജന റാലി നടക്കുക. ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് 12,000 പേര് റാലിയില്‍ പങ്കെടുക്കും. തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, കുമരംപുത്തൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആളുകളെ കോടതിപ്പടി പിഡബ്ല്യുഡി ഓഫിസ് പരിസരത്ത് ഇറക്കിയ ശേഷം ചെറിയ പ്രകടനമായി സമ്മേളന നഗരിയിലേക്ക് എത്തണം. തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ ലോക്കല്‍ കമ്മിറ്റികള്‍ നെല്ലിപ്പുഴയില്‍ ആളുകളെ ഇറക്കണം. കാരാകുര്ശ്ശിയി ല്‍ നിന്നും വരുന്നവര്‍ ടിപ്പുസുല്‍ത്താന്‍ റോഡിലെ പാറപ്പുറത്ത് ആളുകളെ ഇറക്കിയശേഷം ചെറുപ്രകടനമായി സമ്മേളന നഗരയിലെത്തണം.
മണ്ണാര്‍ക്കാട് നഗരസഭയിലെ ഓരോ ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനമായി എത്തണം. സംസ്ഥാന ശാസ്ത്രോത്സവത്തിന് ഗതാഗത തടസ്സം ഇല്ലാത്തവിധത്തിലായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, പി.അലവി, കെ.കെ രാജന്. പി.മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
