മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമലഭാഗത്ത് സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി സാബിര്‍(18) ആണ് മരിച്ചത്.പരിക്കേറ്റ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ഷജിറുള്(27), യഹോദര്‍(20), ദിലീപ്(20), അബ്ബാസ്(42), ബസ് യാത്രക്കാരി മണ്ണാര്‍ക്കാട് ചങ്ങലീരി പറമ്പുള്ളി മുളച്ചിക്കല് സുബൈദ(54) എന്നിവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം.പാലക്കയത്ത് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യബസും, കെട്ടിടനിര്‍മാണ സാമഗ്രികള്കയറ്റി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. നൊട്ടമല പള്ളിക്ക് സമീപത്തെ വളവില്‍വെച്ച് കെ.എസ്.ആര്.ടി.സി. ബസ് പിക്കപ്പ് വാനില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട വാന്‍ റോഡിലേക്ക് മറിഞ്ഞ് ബസില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ ചിലരെ നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതതടസ്സവുമുണ്ടായി.
