അഗളി:ഷോളയൂര്‍ മേലെ കുറവന്‍പാടിയില്‍ പൊലിസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നാടന്‍തോക്ക് നിര്‍മാണശാല കണ്ടെത്തി. സംഭവത്തില്‍ അഗളി സ്വദേശിക ളായ നെല്ലിപ്പതി വെടുത്തേടത്ത് കാട്ടില്‍ ഡാനിയേല്‍ (61), തോക്ക് നിര്മാണവിദഗ്ദ്ധനായ കള്ളമല ബ്രഹ്മണികുന്നേല് വീട്ടില്‍ സരസന് (52), ചിറ്റൂര്‍ തേക്കെടത്ത് പറമ്പ് സുമേഷ് (42) എന്നിവരെ അറസ്റ്റ് ചെയ്തു.നിര്‍മാണം പൂര്‍ത്തിയായ മൂന്ന് നാടന്‍തോക്കുകളും നിര്‍മാണ സാമഗ്രികളും 20 ലിറ്ററോളം ചാരായവും ഇവിടെനിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെ എസ്.ഐമാരായ ആര്.രാഘവന്, എച്ച്.ഹര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസും എ.ടി.എസ്, ഡാന്‍സാഫ് സംഘങ്ങളും ചേര്‍ന്ന് 16 ഏക്കറോളം വരുന്ന തോട്ടം വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. രഞ്ജിത്ത് ബാലന് എന്നയാളുടെ തോട്ടത്തിലെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് തോക്ക് നിര്‍മാണം നടന്നുവന്നിരുന്നത്.ഡാനിയേലാണ് തോട്ടത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നതെന്ന് പൊലിസ് അറിയിച്ചു.കേസില്‍ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
