മണ്ണാര്‍ക്കാട്: പരിസ്ഥിതി ലോല മേഖലാ (ഇ.എസ്.എ.) വിജ്ഞാപനം സമ്പൂര്‍ണമായി പരിശോധി ക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമരസമിതി ഇ.എസ്.എ. ബാധിത പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. സംയുക്ത കര്‍ഷക സമിതി മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റി ഭാരവാഹികളായ മണികണ്ഠന് പൊറ്റശ്ശേരി, എസ്.ആര് ഹബീബുള്ള എന്നിവര്‍ വാര്‍ത്താ സമ്മേ ളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം ജൂലൈ 27-ന് പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തില്‍ 2013-ല്‍ ഇറക്കിയ അതേ ഭൂവിസ്തൃതിയാണ് നിലനിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മലയോരമേഖലകളിലെ കര്‍ഷകരുടെയും ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്നതാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ കരട് വിജ്ഞാപനം. 2013-ല്‍ ആദ്യ കരട് വിജ്ഞാപനം വന്നപ്പോള്‍ 13,108 ചതുരശ്ര കിലോമീറ്ററായിരുന്നു പരിധിയെങ്കില്, പിന്നീട് വന്ന സര്‍ക്കാരുകള്‍ അത് 9,963 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനത്തിലും പഴയത് ആവര്‍ത്തിക്കുകയാണുണ്ടായത്. മുന്‍പ് എല്‍. ഡി.എഫ്. സര്‍ക്കാര്‍ ജനവാസമേഖലകളെയും വനമേഖലകളെയും വേര്‍തിരിച്ച് 8,656 ചതുരശ്ര കിലോമീറ്ററായി ശാസ്ത്രീയമായി ചുരുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ വീണ്ടും 13,108 ചതുരശ്ര കിലോമീറ്റര്‍ ഇ.എസ്.എയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി മരക്കൊമ്പ് മുറിക്കാന്‍ പോലും വനംവകുപ്പിന്റെ അനുവാദം തേടേണ്ട അവസ്ഥയാണെന്നും, കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ യാതൊരു നഷ്ടപരിഹാരവുമില്ലാതെ കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ഇതിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍വേ നമ്പര്‍ വെച്ച് പരിശോധി ച്ചാല്‍ പോലും കര്‍ഷകര്‍ക്ക് അവരുടെ കൈവശഭൂമി ഇ.എസ്.എയില്‍ പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അശാസ്ത്രീയമായ രീതിക്കെതിരെയാണ് കര്‍ഷക സംഘടനകള്‍ സമരരംഗത്തിറങ്ങിയിരിക്കുന്നത്.
2013-ല്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിലെ അഗളി, ഷോളയൂര്‍, പുതൂര്‍, കോട്ടത്തറ, കള്ളമല, പാടവയല്‍, മണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം, പാലക്കാട് താലൂക്കിലെ പുതുപ്പരിയാരം, മലമ്പുഴ-2, പുതുശ്ശേരി ഈസ്റ്റ്, ചിറ്റൂര്‍ താലൂക്കിലെ മുതലമട 1, 2 വില്ലേജുകള്‍, നെല്ലിയാമ്പതി, ആലത്തൂര്‍ താലൂക്കിലെ കിഴക്കഞ്ചേരി-1 എന്നീ 14 വില്ലേജുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കാര്‍ഷിക പ്രദേശങ്ങളി ലെ കൃഷിയെയും ഉപജീവനത്തെയും ബാധിക്കുന്ന വിഷയത്തില്‍ സമഗ്രമായ പുനഃപരിശോധന വേണമെന്നാണ് കര്‍ഷക സമിതിയുടെ ആവശ്യം.
