കല്ലടിക്കോട്: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി സുഹൈല്‍ സജീവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മരിച്ച ഇടക്കുറുശ്ശി സ്വദേശിനി ഗോപികയുടെ കുടുംബം രംഗത്ത്.ഗുരുതരമായ കുറ്റകൃത്യം നടത്തിയിട്ടും പ്രതിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയതിലും കുടുംബം പരാതി അറിയിച്ചു. കേസ് അട്ടിമറിക്കപ്പെടാ ന് വേണ്ടിയാണെന്നാണ് കരുതുന്നതെന്നും നീതി ലഭിക്കുമോയെന്നതും സംശയിക്കുകയാണ്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. ഗോപികയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം വീണ്ടും തുന്നലഴിച്ച് രക്തസാമ്പിളുകള്‍ ശേഖരിച്ചതിലും സംശയമുണ്ട്. അന്വേഷണം ഉദ്യോഗസ്ഥന് കുടുംബവുമായി സഹകരിക്കുന്നുണ്ടെങ്കിലും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍ ഉണ്ടായതെന്നും സംശയിക്കുന്നു.
കല്‍പ്പറ്റ മടക്കിമല താഴെവീട്ടില്‍ സന്തോഷ്കുമാറിന്റെയും സരിതയുടെയും മകള്‍ ദേവിക (21) കരിമ്പ ഇടക്കുറുശ്ശി നെല്ലാറ്റ മുള്ളങ്കുഴി വീട്ടില്‍ എം.ആര് പ്രദീപ്കുമാറിന്റെയും സജിതയുടെയും മകള്‍ എം.പി ഗോപിക (21), സുള്ള്യ കനകമഞ്ചല്‍ വീട്ടില്‍ ഇബ്രാഹിമിന്റെയും റുക്കിയയുടെയും മകന് ഇയാസ് (21) എന്നാവരാണ് മരിച്ചത്. കാര്‍ ഓടിച്ച ആലപ്പുഴ ആലിശ്ശേരി നൂഹ് മന്‍സിലില്‍ സുഹൈല്‍ (19) പൊലിസ് കസ്റ്റഡിയിലാണ്. സുഹൈലിന്റെ പേരില്‍ ബിഎന്‍എസ് 105 പ്രകാരം മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ബിരുദദാരികളായ മൂവരും മറ്റുകോഴ് സുകള് പഠിക്കുന്നതിനൊപ്പം ഉച്ചയ്ക്കുശേഷം തൃക്കാക്കരയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11-ന് ജോലികഴിഞ്ഞ് വിമാനത്താളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ചശേഷം അത്താണിഭാഗത്തേക്ക് മടങ്ങുമ്പോഴാണ് പിന്നില്‍ വന്ന കാര്‍ ഇവരുടെ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചത്.
മൂന്നോളം ബാറുകളില്‍ നിന്നും സുഹൈല്‍ മദ്യപിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ മദ്യപിച്ചാണ് അപകടമുണ്ടാക്കിയതെന്ന വിവരം പൊലിസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും. കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച തായും ഗോപികയുടെ അച്ഛന് പ്രദീപ് പറഞ്ഞു. അമ്മ സജിത, സഹോദരങ്ങളായ അഭിജിത്, ദീപിക, പിതൃസഹോദരന് എം.ആര് അനില്‍കുമാര്‍ അനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
