കല്ലടിയില്‍ പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും മികവുത്സവവും
കുമരംപുത്തൂര്‍: എസ്.എസ്.എല്‍.സി. വിജയിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി അതാത് താലൂക്കുകളില്‍ പ്ലസ്വണ് സീറ്റുകള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ‘മികവുത്സവം 2026’, പുതുതായി അനുവദിച്ച അധിക ബാച്ചുകളും ഉദ്ഘാടനം നിര്‍വഹിക്കുകയാ യിരുന്നു അദ്ദേഹം.
കാലഘട്ടത്തിനനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാ യി നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 6,000 സ്കൂളുകളില്‍ ഡിജിറ്റല്‍ സ്ക്വയറുകള്‍ സ്ഥാപിക്കുകയാണ്. എല്ലാ ഹൈസ്കൂളുകളിലും നിര്‍മിത ബുദ്ധി പഠനം എത്തിക്കാന്‍ ‘ഇറൈസ്’ പദ്ധതിയിലൂടെ ടൂള്‍ കിറ്റുകള്‍ നല്‍കാനും നടപടികള്‍ പുരോഗമിക്കുന്നു. യുപി, ഹൈസ്കൂള്‍ തലം മുതല്‍ കുട്ടികളുടെ അഭിരുചി കണ്ടെത്തി പിന്തുണ നല്കുന്ന പദ്ധതികളും നൈപുണി വികസന കേന്ദ്രങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം നടത്താതെ നേരത്തെ പൂര്‍ത്തിയാക്കാനും സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ എം. ഷഫീഖ് റഹ്മാന്, സ്കൂള്‍ മാനേജര്‍ കെ.സി.കെ സയ്യിദ് അലി, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, പിടിഎ പ്രസിഡന്റ് രമേശ് നവായത്തത്, പ്രധാന അധ്യാപകന് പി.സുധീര്‍, പഞ്ചായത്ത് അംഗം അലി അക്ബര്‍, പി.ടി.എ. അംഗം ഹുസൈന് കോളശ്ശേരി, സ്റ്റാഫ് സെക്രട്ടറി കെ.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.
