ലക്ഷ്യമിട്ടത് 5000 പട്ടയങ്ങള്‍, കൊടുത്തത് 10000
പാലക്കാട്: അട്ടപ്പാടിയിലെ ഭൂമിപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരി ക്കുമെന്ന് റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍.സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയുടെ പാലക്കാട് ജില്ലാതല ഉദ്ഘാ ടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.100 ദിന കര്‍മ്മപരിപാടിക്ക് ശേഷം പട്ടിക ജാതി, പട്ടികവര്‍ഗം, മത്സ്യത്തൊഴിലാളി എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് അടിയന്തരമായി പട്ടയം നല്‍കാനുള്ള പ്രത്യേക നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കും. എസ്.സി-എസ്.ടി വിഭാഗങ്ങ ളില്‍ പട്ടയത്തിന്റെ പ്രാധാന്യം അറിയാത്തവരും ഉണ്ട്. അതുകൊണ്ട് അവരില്‍ നിന്ന് അപേക്ഷ ലഭിക്കാന്‍ പ്രയാസമുണ്ട്. ഇക്കാര്യത്തില്‍ എസ്.സി/എസ്.ടി വകുപ്പുമായി സംസാരിച്ച്, അവരെ സഹായിക്കുന്ന പ്രൊമോട്ടര്‍മാരുടെ സേവനത്തിലൂടെ വീടുകളില്‍ ചെന്ന് അപേക്ഷ എഴുതിവാ ങ്ങി പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 100 ദിവസം കൊണ്ട് 5,000 പട്ടയങ്ങള്‍ നല്കാന് ലക്ഷ്യമിട്ട റവന്യൂ വകുപ്പ്, ഇതിന കം 10,000-ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്ത് മികച്ച നേട്ടം കൈവരിച്ചതായി മന്ത്രി പറ ഞ്ഞു. ഈ വിതരണത്തില്‍ 3,000-ത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്ത പാലക്കാട് ജില്ലയാണ് പട്ടയങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയത്. കൂടാതെ ഭൂമി തരംമാറ്റത്തിനായി കെട്ടിക്കിടന്ന 2,50,000 അപേക്ഷകളില്‍ 25,000 എണ്ണം തീര്‍പ്പാക്കാന്‍ ഉദ്ദേശിച്ച സ്ഥാനത്ത് 51,000 പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചു. ബാക്കി വരുന്ന അപേക്ഷകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കുമെന്നും, ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് 50,000 പരാതികള്‍ പരി ഹരിക്കാന്‍ ലക്ഷ്യമിട്ടതില്‍ 70,000-ത്തോളം പരാതികള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടു ണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തസമയങ്ങളിലും പ്രതിസന്ധികളിലും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിഭാഗം റവന്യൂ ഉദ്യോഗസ്ഥരും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇടനിലക്കാരുടെ സഹായമില്ലാതെ ജനങ്ങ ള്‍ക്ക് കാര്യങ്ങള്‍ സാധിക്കാന്‍ കഴിയണം. സാങ്കേതിക കാരണങ്ങളാല്‍ ഉദ്ദേശിച്ച കാര്യം നടന്നി ല്ലെങ്കില്‍പോലും അത് കാര്യക്ഷമമായും സഹാനുഭൂതിയോടെയും ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെ ടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഓഫീസിലെത്തുന്ന ഓരോ വ്യക്തിയും സംതൃപ്തിയോടെ മടങ്ങുന്നു എന്ന് ഉറപ്പാക്കുകയും അനാവശ്യമായി ജനങ്ങളെ കയറിയിറക്കിക്കാതെ സേവനം വേഗത്തിലാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി മേഖലയിലെ ഭൂമി, സര്‍വേ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പ് സ്വമേധയാ നടപടികള്‍ സ്വീകരിച്ച് പട്ടയം അടക്കമുള്ളവ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണ മെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ആവശ്യപ്പെട്ടു.പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.കെ. ശ്രീകണ്ഠന് എം.പി, രമേശ് പിഷാരടി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. എം. എല്‍.എമാരായ സുമേഷ് അച്യുതന്, എ. പ്രഭാകരന്, കെ. പ്രേംകുമാര്‍, പാലക്കാട് നഗരസഭ ചെയര്മാന് പി. സ്മിതേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുല്‍ ലത്തീഫ്, സബ് കളക്ടര്‍ അന്‍ജീത് സിംഗ്, പാലക്കാട് ആര്.ഡി.ഒ കെ. ദേവകി തുടങ്ങിയവര്‍ സംസാരിച്ചു.
