മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് റെവന്യു വകുപ്പ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച റെവന്യു സംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ നെല്ലിപ്പുഴ മുതല്‍ മണലടി വരെയുള്ള ഭാഗത്തുനിന്ന് മുപ്പതോളം കയ്യേറ്റങ്ങള്‍ കണ്ടെത്തി.
അന്തര്‍സംസ്ഥാന പാതയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ താലൂക്ക് വികസന സമിതി യോഗങ്ങളില്‍ നിരന്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെവന്യു വകുപ്പ് അടിയ ന്തര നടപടികളിലേക്ക് കടന്നത്.കേരള ഭൂസംരക്ഷണ നിയമപ്രകാരം കയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പി ക്കുന്നതിനുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് ശുപാര്‍ശ ചെയ്യുമെന്ന് തഹസില്‍ദാര്‍ മാരായ അബ്ദുറഹിമാന് പോത്തുകാടന്, പി.എം അസ്മാബി എന്നിവര്‍ അറിയിച്ചു.റോഡിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നനായുള്ള പരിശോധനകള്‍ വരുന്ന ദിവസങ്ങളിലും കര്‍ശനമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.ടി ഷാജിയുടെ നേതൃത്വത്തിലാണ് റെവന്യു സംഘം എത്തിയത്. വില്ലേജ് ഓഫിസര്‍മാരായ പ്രസാദ്, മനോജ്, സര്‍വേയര്‍ വിഷ്ണു, മറ്റ് ഉദ്യോഗസ്ഥരായ ഷഹനാസ്, ഉസ്മാന് കരിമ്പനക്കല്‍, ജുനൈദ്, അബ്ദുല്‍ സലീം, അര്ജുനന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
