റെവന്യുസംഘം ശനിയാഴ്ച അലനല്ലൂരിലെത്തും
അലനല്ലൂര്‍:വെള്ളിയാര്പുഴക്ക് കുറുകെ കണ്ണംകുണ്ട് കടവില്‍ പുതിയപാലം നിര്‍മിക്കുന്ന തിനുള്ള പാരിസ്ഥിതിക ആഘാത പഠനം ഉടന്‍ ആരംഭിക്കും.ഇതിനായി കോട്ടയത്തുള്ള ഏജന്‍സിയെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും 45 ദിവസമാണ് പഠനത്തിനായി അനുവദിച്ചിരിക്കു ന്നതെന്നും അധികൃതര്‍ അറിയിച്ചു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നത്.പദ്ധതി പ്രദേശത്തെ മണ്ണ്, ജലം, ജൈവവൈവിധ്യം എന്നിവയുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനൊപ്പം, പ്രദേശ വാസികളുടെയും ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും ആശങ്കകളും പഠനത്തില്‍ കേട്ടറിയും. പദ്ധതി മൂലം ഉണ്ടായേക്കാവുന്ന ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കാനോ ഒഴിവാക്കാനോ ഉള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാണ് ഈ നടപടി.ഏജന്‍സി പഠനം പൂര്‍ത്തിയാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
പാലം നിര്‍മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും ത്വരിതഗതിയിലാണ്. പുഴയുടെ ഇരു കരകളില്‍ നിന്നായി അഞ്ചുപേരുടെ 29.5 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി 1.18 കോടി രൂപ അനുവദിച്ചിട്ടുണ്ട്.സര്‍വേ ഉള്‍പ്പെടെയുള്ള നടപടികള്‍ ലാന്‍ഡ് അക്വസിഷന്‍ സ്പെ ഷ്യല് തഹസില്‍ദാറുടെ ഓഫിസില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട്. അപ്പോര്‍ഷന്‍മെന്റ് സ്കെച്ചും സബ്ഡിവിഷനും തയ്യാറാക്കുന്നനടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി റവന്യൂ സംഘം ശനിയാഴ്ച അലനല്ലൂരിലെത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഭൂവടമകള്‍ ക്ക് സമയബന്ധിതമായി തുക വിതരണം ചെയ്യുമെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ എ.മുരളീധരന് അറിയിച്ചു.
10.78 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്.പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.പുഴയ്ക്ക് കുറുകെ നിലവിലുള്ള താഴ്ന്ന പാലം മഴക്കാലത്ത് വെള്ളത്തിനടി യിലാകുന്നതും കാല്‍നടയാത്ര പോലും തടസ്സപ്പെടുന്നതും പതിവാണ്. ഇത്തരം സാഹചര്യങ്ങളി ല്‍ അലനല്ലൂരില്‍ നിന്ന് എടത്തനാട്ടുകരയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ 15 കിലോമീറ്ററോ ളം ചുറ്റി സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയിരുന്നത്.പുതിയപാലം യാഥാര്‍ത്ഥ്യമാകുന്ന തോടെ ഈ യാത്രാദുരിതങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
