മണ്ണാര്‍ക്കാട്: അലനല്ലൂരില്‍ കൃത്രിമ രാസലഹരിയായ മെത്താംഫിറ്റമിനുമായി യുവാവ് എക് സൈസിന്റെ പിടിയിലായി. കൂമഞ്ചിറ സ്വദേശി ചെറുക്കല്വീട്ടില് യുസഫ് (38) ആണ് അറ സ്റ്റിലായത്. ഇയാളുടെ പക്കലില്‍ നിന്നും 10.06 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തതായി എക് സൈസ് അറിയിച്ചു.ചില്ലറ വിപണിയില്‍ ഇതിന് ഒരുലക്ഷത്തോളം രൂപ വിലവരും.

അലനല്ലൂര്‍ ഭാഗത്ത് മയക്ക്മരുന്ന് വ്യാപാരവും ഉപയോഗവും വ്യാപകമായി നടക്കുന്നതായി എക് സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗത്ത് നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ കൂമഞ്ചിറയില് വാട്ടര്‍ടാങ്കിന് സമീപത്ത് നിന്നും യുവാവ് പിടിയിലായത്. കോഴിക്കോട് നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതി എക്സൈസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. അലനല്ലൂര്‍, എടത്തനാട്ടുകര, പെരിന്തല്‍മണ്ണ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവരുന്ന ആളാണെന്ന് എക്സൈസ് പറയുന്നു.കഴിഞ്ഞ ആഴ്ച വട്ടമ്പലത്ത് വെച്ച് മയക്കുമരുന്നുമായി അറസ്റ്റിലായ അലനല്ലൂര്‍ സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച നിര്‍ണായകവിവരങ്ങളാണ് പുതിയ കേസിന് വഴിത്തിരിവായത്.
ഓപ്പറേഷന് തണ്ടര്‍ ദൗത്യത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.വി നിധിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സി രൂപേഷ്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡുമാരായ എ.ഹംസ, സ്റ്റാലിന് സ്റ്റീഫന്‍, വി.പി മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
