മൈലംപുള്ളി: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മൈലംപുള്ളിയില്‍ ടോള്‍ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ദേശീയപാതയുടെ നിലവാരമില്ലാത്ത, താരതമ്യേന ഗതാഗതത്തിരക്കേറിയതും ഇടുങ്ങിയതുമായ ഇവിടെ ടോള്‍ പിരിവ് നടത്തുവാനുള്ള നീക്കത്തില്‍ പാലക്കാടിന്റെ എം.പി നിലപാട് വ്യക്തമാ ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളെ കൂടുതലായി ബുദ്ധിമുട്ടിലാക്കുന്ന ഈ വിഷയം മന്ത്രിമാരായ കെ.എ.തുളസി, എന്‍. ഷംസുദീന്‍ എന്നിവര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ബോധ്യപ്പെടുത്തുവാന്‍ താല്പര്യം കാണിക്കണം. നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിരോധ സമരങ്ങള്‍ക്ക് എല്‍.ഡിഎഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി അധ്യക്ഷനായി. സി.പി. ഐ. ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്, പൊറ്റശ്ശേരി മണികണ്ഠന്, നാസര്‍ അത്താപ്പ, യു.ടി രാമകൃഷ്ണന്, ടി.ആര് രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
