പാലക്കാട്: ഇന്‍ഫ്ലുവന്‍സ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച്1 എന്‍1 പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡി ക്കല്‍ ഓഫിസര്‍ അറിയിച്ചു. കടുത്ത പനി, വിറയല്‍, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേ ദന, തലവേദന, അമിതമായ ക്ഷീണം, തളര്‍ച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതരായ ആളുകള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായുവില്‍ തങ്ങിനില്ക്കുന്ന വൈറസ് മുഖേനയോ, അവര്‍ ഉപയോഗിച്ച വസ്തുക്കളില്‍ സ്പര്‍ശിച്ച ശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.
സാധാരണ ഗതിയില്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ടെങ്കിലും ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. കിടപ്പു രോഗികള്‍, മറ്റ് ഗുരുതരരോഗ ബാധിതര്‍, ഗര്‍ഭിണികള്‍, 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കിടയില്‍ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം ഉറപ്പാ ക്കണം. മേല്പറഞ്ഞവര് വീട്ടില്‍ ഉണ്ടെങ്കില്‍ ലക്ഷണങ്ങള്‍ ഉള്ള മറ്റ് കുടുംബാംഗങ്ങള്‍ ഇവരുമാ യി അടുത്ത് ഇടപഴകുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ പ്രതിരോധശേഷി കുറയുന്നതിനാല്‍ വൈറസ് പെട്ടെന്ന് ബാധി ക്കാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ ഈ പനി പെട്ടെന്ന് ന്യൂമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് മാറാനും, ഇത് ഗര്‍ഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാനും ഇടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗലക്ഷണങ്ങളുള്ളവര്‍ ധാരാളം വെള്ളം കുടിക്കുകയും നന്നായി വിശ്രമിക്കുകയും വേണം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ സ്വയം ചികിത്സിക്കുകയോ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
പ്രതിരോധ മാര്‍ഗങ്ങള്‍
- തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തൂവാല കൊണ്ട് മൂക്കും വായയും മൂടുക.
- സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ശീലമാക്കുക.
- കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടരുത്. പുറത്തു നിന്ന് വീട്ടിലെത്തിയ ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.
- രോഗലക്ഷണങ്ങളുള്ളവര്‍ പൊതു ഇടങ്ങളും അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കുക. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
- പനി, ചുമ തുടങ്ങിയ ലക്ഷണം ഉള്ളവരില്‍ നിന്നും സുരക്ഷിത അകലം പാലിക്കുക. പനി പല രോഗങ്ങള്‍ക്കും സാധാരണ ലക്ഷണമായതിനാല്‍ സ്വയം മരുന്ന് കഴിക്കാതെ ഉടന്‍ തന്നെ ശരിയായ വൈദ്യചികിത്സ തേടേണ്ടതാണ്.
