മണ്ണാര്‍ക്കാട്: നാനാദിക്കുകളില്‍ നിന്നായി ഗണേശവിഗ്രഹങ്ങള്‍ ദേശീയപാതയിലൂടെ നിര നിരയായി നീങ്ങിയ കാഴ്ച ഭക്തിസാന്ദ്രമായി. വിഘ്നേശ്വര സ്തുതികള്‍ക്കൊപ്പം ഭക്തര്‍ ആനന്ദ നൃത്തച്ചുവടുകള്‍ തീര്‍ത്തു. ഗണേശോത്സവത്തിന് സമാപനം കുറിച്ചുനടന്ന വിഗ്രഹ നിമജ്ജന മഹാശോഭായാത്ര കണ്‍കുളിര്‍ക്കെ കണ്ട് നഗരം മനംനിറഞ്ഞ് തൊഴുതു.
വിനായക ചതുര്‍ഥി ഉത്സവത്തോടനുബന്ധിച്ച് താലൂക്ക് ഗണേശോത്സവ സമിതിയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്ന നിമജ്ജന മഹാശോഭായാത്രയില്‍ ചെറുതും വലുതുമായ എണ്‍പതിലധികം ഗണപതി വിഗ്രഹങ്ങളുണ്ടായിരുന്നു. മണ്ണാര്‍ക്കാട് നഗരസഭ, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ, തെങ്കര,കോട്ടോപ്പാടം, കരിമ്പുഴ, കുമരംപുത്തൂര്‍, അലനല്ലൂര്‍ തുടങ്ങിയ പഞ്ചായ ത്തുകളില്‍ നിന്നാണ് ഗണപതി വിഗ്രഹങ്ങളും ഭക്തരുമെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും പൂജിച്ച ഗണേശ വിഗ്രഹങ്ങള്‍ ശോഭാ യാത്രകളായി നെല്ലിപ്പുഴ വിവേകാനന്ദനഗറില്‍ സംഗമിച്ചു. തുടര്‍ന്ന് ദേശീയപാത വഴി നീങ്ങി കുന്തിപ്പുഴ ബൈാപ്പാസ് വഴി ആറാട്ടുകടവില്‍ സമാപിച്ചു. ഇവിടെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു. താലൂക്ക് ഗണേശോത്സവ സമിതി ഭാരവാഹികളായ എ.ശ്രീനിവാസന്, കെ.കൃഷ്ണദാസ്, അഡ്വ.പി.എം ജയകുമാര്‍, ബി.മനോജ്, എച്ച്.കെ കൃഷ്ണന്, രവി അടിയത്ത്, എന്‍.അജയകുമാര്‍, സന്തോഷ് മണ്ണാര്‍ക്കാട്, കെ.പി ഹരിഹരനുണ്ണി എന്നിവര്‍ ശോഭായാത്രക്ക് നേതൃത്വം നല്കി.
