അലനല്ലൂര്‍: കാട്ടുകുളം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ‘ബൈത്തുറഹ്മ’യുടെ താക്കോല്‍ദാനം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു. നിത്യരോഗികളായ നാല് പെണ്മക്കള് ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിനാണ് ശിഹാബ് തങ്ങളുടെ പേരിലുള്ള കാരുണ്യഭവനം ഒരുക്കിയത്.
ചോര്‍ന്നൊലിക്കുന്ന ഓടിട്ടവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ചെറിയപ്രായത്തില്‍ പിതാവ് നഷ്ടപ്പെട്ട മക്കളെ ഉമ്മ ഖദീജ വളരെ പ്രയാസപ്പെട്ടാണ് വളര്‍ത്തിയത്. മരിക്കുന്നതിന് മുന്‍പ് മക്കള്‍ക്ക് അടച്ചുറപ്പുള്ള ഒരു വീടൊരുക്കണമെന്നായിരുന്നത് ഖദീജയുടെ വലിയ സ്വപ്നമാ യിരുന്നു. കുടുംബത്തിന്റെ ദുരവസ്ഥ കണ്ടാണ് മൂന്ന് വര്‍ഷം മുന്‍പ് ട്രസ്റ്റ് വീടുനിര്‍മാണ ദൗത്യം ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി കുടുംബത്തിലെ പള്ളിപ്പടിയിലുള്ള ഒരു ഫ്ലാറ്റിലേക്ക് മാറ്റിപാര്‍പ്പിച്ചു.
2023 ഡിസംബര്‍ 10-ന് ഇവരുടെ പഴയവീട് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കി. വീടുനിര്‍മാണത്തിന് കുറ്റിയടിക്കാനിരിക്കെയാണ് ഖദീജ മരണപ്പെട്ടത്. തുടര്‍ന്ന് 2024 ഫെബ്രവരി ഏഴിന് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വീടിന് കുറ്റിയടിച്ചു. ബിരിയാണി ചലഞ്ചിലൂടെയും വീടുനിര്മാണത്തിനാവശ്യമായ തുക സമാഹരിച്ചു. 10.5 ലക്ഷം രൂപയോളം ചിലവില്‍ 730 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള മനോഹരമായ വീടാണ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്.
താക്കോല്‍ദാന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് റഷീദ് ആലായന്‍ അധ്യക്ഷനായി. കണ്‍വീനര്‍ ബഷീര്‍ തെക്കന്‍ ആമുഖപ്രഭാഷണം നടത്തി. ഉസ്താദ് സി.മുഹമ്മദ് കുട്ടി ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ഹുസൈന് കോളശ്ശേരി, യൂസഫ് പാക്കത്ത്, ടി.പി മന്‍സൂര്‍, കെ.ടി ഹംസപ്പ, അഷ്റഫ്, സൈനുദ്ധീന്‍ ആലായന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഖാദര്‍ കാട്ടുകുളം, നിജാസ് ഒതുക്കുംപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
