മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി. ക്ലബുകളുടെ പ്രവര്‍ത്തനം അപ്പര്‍ പ്രൈമറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കു ന്നു.താല്പര്യമുള്ള വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 30-നകം സമ്പൂര്‍ണ സ്കൂള്‍ ലോഗിന്‍ വഴി ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
സ്കൂളുകളിലെ ഐ.സി.ടി. ലാബ് സൗകര്യങ്ങള്‍, സമ്പൂര്‍ണ്ണ പ്ലസ് / സമേതം പോര്‍ട്ടലുകളിലെ വിവരങ്ങളുടെ കൃത്യത, സര്‍ക്കാരിന്റെ 100 ദിന കര്മ്മപരിപാടികളിലെ (ഡിജിറ്റല്‍ സ്ക്വയര്‍, താരാപഥം, സ്കൂള്‍ വിക്കിത്തോണ്‍ തുടങ്ങിയവ) പങ്കാളിത്തം എന്നിവ വിലയിരുത്തിയാകും പൈലറ്റ് പദ്ധതിയിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുന്നത്.ഏഴാം ക്ലാസില്‍ പഠിക്കുന്ന 10 മുതല്‍ 25 വരെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് രൂപീകരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ സമയത്തിന് പുറമെ പ്രതിമാസം കുറഞ്ഞത് രണ്ട് മണിക്കൂര്‍ പ്രത്യേക ഐ.ടി. പരിശീലനം നല്‍കും. സര്‍ക്കുലറും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.kite.kerala.gov.in ലഭ്യമാണ്.
