മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ബോര്‍ഡുകളും കോര്‍പ്പറേഷനുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും നെയിം ബോര്‍ഡുകളിലും മറ്റ് അച്ചടിച്ച രേഖകളിലും സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളിലും ‘കേരളം’ എന്ന പുതുക്കിയ സംസ്ഥാന നാമം ഉള്‍പ്പെടുത്ത ണമെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.പേരുമാറ്റവുമായി ബന്ധപ്പെട്ട് യാതൊരു അധിക സാമ്പത്തിക ബാധ്യതയും സര്‍ക്കാരിന് ഉണ്ടാകാത്ത വിധമാണ് നടപടികള്‍ സ്വീകരിക്കേ ണ്ടതെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
സംസ്ഥാനത്തിന്റെ പേര് കേരള എന്നത് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി നിര്‍ദേശം പുറ പ്പെടുവിച്ചത്. കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റര്‍ഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികള്‍ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂര്‍ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തല്‍ വരുത്തി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും നിലവിലുള്ള സൈന്‍ബോര്‍ഡുകള്‍, ഓഫീസ് നെയിം ബോര്‍ഡുകള്‍, മൈല്‍സ്റ്റോണുകള്‍, ദിശാസൂചിക ബോര്‍ഡുകള്‍, മറ്റ് സ്ഥിരമോ അര്ദ്ധസ്ഥിരമോ ആയ ബോര്‍ഡുകള്‍ തുടങ്ങിയവ മാറ്റിസ്ഥാപിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി മുതല്‍ അച്ചടിജോലികളിലും സ്റ്റേഷനറി, ഫോമുകള്‍, സൈന്‍ബോര്‍ഡുകള്‍, നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക മുദ്രകള്‍ എന്നിവയുടെ പുതിയ വാങ്ങലിലും നിര്‍മാണത്തിലും, ആവശ്യാനുസരണം ‘കേരളം’ എന്ന പുതുക്കിയ സംസ്ഥാനനാമം ഉള്‍പ്പെടുത്തേണ്ടതാണെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
