മണ്ണാര്‍ക്കാട്: കേരളത്തില്‍ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡി.ടിപി.സികള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കി.ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമീപ ജില്ലകളിലുള്ള വെള്ള ച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണ ങ്ങള് ഏര്‍പ്പെടുത്തണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണം.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ തന്നെ മണ്ണിടിച്ചില്‍ സാധ്യത ഉള്ളയിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികള്‍ അപകടത്തില്‍ പെടുകയോ ഒറ്റപ്പെട്ടു പോവുക യോ ചെയ്താല്‍ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകള്‍ വ്യാപകമായി ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.
മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂമുകള്‍ ആരംഭിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തണം. പൊലിസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാ സേന എന്നിവയുടെ കണ്ട്രോള് റൂമുകളിലേക്കും നിയന്ത്രണങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള് ലഭ്യമാക്കേണ്ടതാണ്.
