അഗളി: ആദിവാസി ഗോത്രസമൂഹങ്ങളുടെ താമസകേന്ദ്രങ്ങളെ ‘ഉന്നതി’ എന്ന് വിളിക്കുന്നതിന് പകരം ‘ഊരുകള്‍’ എന്നാക്കിയത് ആദിവാസി സമൂഹത്തിന്റെ ആഗ്രഹപ്രകാരമാണെന്ന് മന്ത്രി കെ.എ തുളസി പറഞ്ഞു. അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഓണസമ്മാന വിതരണ ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ചരിത്രത്തില്‍ നിന്ന് ‘ഊര്’, ‘ഗോത്രം’ തുടങ്ങിയ വാക്കുകള്‍ എടുത്തുമാറ്റാന്‍ കഴിയില്ല. അതുകൊ ണ്ടാണ് ‘ഉന്നതി’ എന്ന വിശേഷണം മാറ്റി ‘ഊരുകള്‍’ എന്നതിലേക്ക് തിരികെ എത്തിയത്. പേരു മാറ്റുന്നതിനൊപ്പം ഊരുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള ആയിരം പഠനമുറികളുടെ നിര്‍മ്മാണം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൂര്‍ത്തീകരിക്കുകയാണ്. പഠനമുറികള്‍ അനുവദിക്കുന്ന വീടുകളുടെ വിസ്തൃതി 1000 സ്ക്വയര്‍ ഫീറ്റായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയെ ഒരു ടൂറിസ്റ്റ് ഹബ്ബ് ആക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എന്‍ ഷംസുദ്ദീന് പറഞ്ഞു. ടൂറിസം പദ്ധതികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കണം. പ്രാദേശിക തലത്തില്‍ ടൂറിസം പദ്ധതികള്‍ വരുന്നതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അറുപത് വയസ്സ് പൂര്‍ത്തിയായ 52,826 പട്ടികവര്‍ഗക്കാര്‍ക്കാണ് ഓണസമ്മാനം നല്‍കുന്നത്.കൊട്ടമേട് ഊരിലെ കാളി മൂപ്പന് ആയിരം രൂപ നല്‍കിക്കൊണ്ടാണ് ഓണ സമ്മാനവിതരണം ആരംഭിച്ചത്. ഹൈദ രാബാദ് മഹീന്ദ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ കെ.എം. അനുവിനെ ചടങ്ങില്‍ ആദരിച്ചു.
അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, അംഗം കെ. സനല്‍കുമാര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേലു, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം മഹേശ്വരി രവികൃഷ്ണന്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം എം. രാജന്, അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വി.കെ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
