അഗളി: അട്ടപ്പാടി പുതൂരില്‍ പൊലിസിന്റെ ‘ഓപ്പറേഷന് തൂഫാന്’ പരിശോധനയില്‍ 500-ലധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. മല്ലീശ്വരമലയുടെ അടിവാരത്തുള്ള ആണ്ടവമുടി ഭാഗത്തായാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ആണ്ടവമുടിയുടെ പടിഞ്ഞാറു വശത്ത് 50 തടങ്ങളിലായി നട്ടുപരിപാലിച്ചിരുന്ന, ഒന്നരമാസത്തോളം പ്രായമുള്ള ചെടികളാണ് പൊലിസ് സംഘംനശിപ്പിച്ചത്.
ജില്ലാ പൊലിസ് മേധാവി എ.അബ്ദുല്‍ റാഷിയുടെ നിര്‍ദേശപ്രകാരം അഗളി ഡി.വൈ.എസ്.പി. ആര്.അശോകന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കൃഷിയും വിപണനവും തടയാന്‍ കര്‍ശന നിരീക്ഷണം നടത്തിവരുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ മാസം അട്ടപ്പാടിയില്‍ പൊലിസ് നടത്തുന്ന രണ്ടാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്. കഴിഞ്ഞ അഞ്ചാം തീയതി ഇടവാണി കോറകുന്തമല അടിവാരത്ത് നിന്ന് 1400-ലധികം കഞ്ചാവ് ചെടികള്‍ പൊലിസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.
അഗളി സബ് ഡിവിഷന് ലഹരിവിരുദ്ധ സ്ക്വാഡ്, പുതൂര്‍ പൊലിസ്, ആന്റി നക്സല്‍ ഫോഴ്സ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.പുതൂര്‍ എസ്.എച്ച്.ഒ. മണികണ്ഠന്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.അട്ടപ്പാടി കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷിക്കും വിപണനത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനായി പൊലിസ് അന്വേ ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
