പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു.ഡി.ഐ.ഡി കാര്‍ഡ് വിതരണം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രത്യേക കര്‍മപദ്ധതിക്ക് തുടക്കമായി. അര്‍ഹരായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സെപ്റ്റംബര്‍ 30നകം യു.ഡി.ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കി മിഷന് മോഡില്‍ സമ്പൂര്‍ണത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പദ്ധതിപുരോഗതിയും പ്രവര്‍ത്തന ഏകോപനവും വിലയിരുത്തി.
ജില്ലയില്‍ നിലവില്‍ തീര്‍പ്പാക്കാനുള്ള 2,455 അപേക്ഷകളില്‍ അടിയന്തര നടപടി സ്വീകരിക്കും. ജില്ലാ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രതിവാര മെഡിക്കല്‍ ബോര്‍ഡുകളും പ്രത്യേക പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തില്‍ നിലവില്‍ ഭിന്നശേഷി പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിലൂടെ നിലവില്‍ യു ഡി ഐ ഡി കാര്‍ഡ് ലഭിക്കാത്തവരെ കൂടി കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, അക്ഷയ സെന്ററുകള്‍, ഐ.സി ഡി.എസ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ച് ജനകീയ രജിസ്ട്രേഷന് ഡ്രൈവുകള്‍ നടത്തും. കിടപ്പുരോഗികളായ ഭിന്നശേഷിക്കാര്‍ക്ക് അക്ഷയ മൊബൈല്‍ യൂണിറ്റുകള്‍ വഴി വീടുകളിലെത്തി എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ പ്രത്യേക സാധ്യതകള്‍ പരിശോധിക്കു മെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ നോഡല്‍ ഓഫിസറും എല്‍.എ ഡെപ്യൂട്ടി കലക്ടറുമായ എന്‍.എന്‍. മുഹമ്മദ് റാഫി, ജില്ലാ സാമൂഹികനീതി ഓഫിസര്‍ കെ.ജി രാഗപ്രിയ, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ മൂസാ പതിയില്‍, വിവിധ ഭിന്നശേഷി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
