മണ്ണാര്‍ക്കാട്:കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മാതൃകതീര്‍ത്ത് എം.ഇ. എസ്. കല്ലടി കോളജിലെ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് (എസ്.ഐ.പി) കൂട്ടായ്മ. കോളജിലെ ഭിന്നശേഷി വിദ്യാര്‍ഥിക്കായി, എസ്.ഐ.പിയുടെ നേതൃത്വത്തില്‍ വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് കൈമാറി.
ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടത്തിയ പ്രവചനമത്സരത്തിലൂടെയാണ് വാഹനം വാങ്ങാനാവശ്യമായ തുക വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്.നാലരക്ഷം രൂപയാണ് സമാഹരിച്ചത്.സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും ഇതോനടനുബന്ധിച്ച് നടന്നു. മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തത്.
കോളജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് അധ്യക്ഷയായി.കോളജ് മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, വൈസ് പ്രിന് സിപ്പല് ഡോ.ടി.കെ ജലീല്‍, കോര്‍ഡിനേറ്റര്‍ ഹിസ്റ്ററി വിഭാഗം അധ്യാപകന് പി.എം സലാഹുദ്ദീന്, കോളജ് യൂണിയന് ഭാരവാഹികളായ അഖില, ജാബിര്‍, അഷ്ഫാക്ക്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഷാമില്‍ എന്നിവര്‍ സംസാരിച്ചു.നാല് വര്‍ഷം മുന്‍പും എസ്.ഐ.പിയുടെ നേതൃത്വത്തില്‍ ഏഴര ലക്ഷം സ്വരൂപിച്ച് ഒരു പാലിയേറ്റീവ് കെയര്വാഹനവും വാങ്ങിയിട്ടുണ്ട്.
