മണ്ണാര്‍ക്കാട്: പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സുരക്ഷിത മേഖലയായ കാഞ്ഞിരപ്പുഴഡാം റിസര്‍വോയറിലേക്ക് അതിക്രമിച്ച് കയറി വാഹനമോടിച്ച് ജലം മലിനപ്പെടുന്നതിന് ഇടയാക്കി യെന്ന ജലസേചന വകുപ്പ് അധികൃതരുടെ പരാതിയില്‍ അഞ്ച് പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ സി.അനസ്, മിഥുന് കൃഷ്ണ, സി.യു നിഖില്‍, മുഹമ്മദ് ജംഷാദ്, വി.എന്‍ പ്രവീണ്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ഞായറാ ഴ്ചയാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേര്‍ അനുവാദമില്ലാ തെ വാഹനവുമായി ഡാം റിസര്‍വോയറിലേക്ക് കയറി ജീവന് അപകടംവരുന്ന വിധത്തില്‍ വെള്ളത്തിലൂടെ വാഹനമോടിക്കുകയും പെട്രോളും ഓയിലും കലര്‍ന്ന് കുടിവെള്ള സ്രോത സ്സായ റിസര്‍വോയറിലെ ജലം മലിനപ്പെടുന്നതിനും ഇടയായെന്ന കാണിച്ച് വ്യാഴാഴ്ചയാണ് ഡാം സെക്ഷന്‍ അസി.എഞ്ചിനീയര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കിയത്. ഇരുമ്പകച്ചോല മേഖലയില്‍ നാലുദിവസം മുന്‍പ് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഓടിച്ചുവരുന്ന ജീപ്പിന്റെ മുകളിലിരുന്ന ഒരു യുവാവ് വെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരാതി ലഭിച്ചപ്രകാരം നടത്തിയ അന്വേഷണത്തി ലാണ് യുവാക്കളെ പിടികൂടിയത്. വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തു.
