കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫാമില്‍ നിന്നും തുരത്തിയ മൂന്ന് കാട്ടാനകള്‍ വീണ്ടും കാടിറ ങ്ങി ജനവാസമേഖലയിലെത്തി കൃഷിനശിപ്പിച്ചു. മലേരിയം പൂളക്കുന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. മാടാംപാറ ഹംസയുടെ തോട്ടത്തിലെ 150-ഓളം റബര്‍ തൈകളും, കൂമഞ്ചീരി കിഞ്ഞിപ്പു, മാടാംപാറ സത്താര്‍ എന്നിവരുടെ 15-ഓളം കവുങ്ങുകളും ആനകള്‍ നശിപ്പിച്ചു. ധാരാളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കാട്ടാനകളെത്തിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രി തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പില്‍ നിന്നും ഒരു കൊമ്പന്, മോഴയാന, കുട്ടിയാന എന്നിവയുള്‍പ്പെട്ട സംഘത്തെ വനപാലകര്‍ കോട്ടാണി റിസര്‍വി ലേക്കും സൈലന്റ് വാലി ബഫര്‍ സോണിലേക്കും തുരത്തിയിരുന്നു.ഇവിടുന്ന് കൂടുതല്‍ ഉള്‍വന ത്തിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ നടക്കവെയാണ് ആനകള്‍ വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞരാത്രിയില്‍ ശക്തമായ മഴയായത് കാരണം ശബ്ദമോ മറ്റോ കേട്ടതുമി ല്ല. ആനകള്കൃഷി നശിപ്പിച്ച വിവരം രാവിലെയാണ് അറിയുന്നത്. കാട്ടാനകള്‍ തിരുവിഴാംകുന്ന് ഫാമിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ മണ്ണാര്‍ക്കാട് ആര്.ആര്.ടി. സംഘം തെങ്ങുവളപ്പ് ഭാഗ ത്തും, കാടിറങ്ങുന്നത് പ്രതിരോധിക്കാന്‍ ഉറവുകുഴി ഭാഗത്തായി വനപാലകരും പുലര്‍ച്ചെ വരെ പട്രോളിങ്ങ് നടത്തിയിരുന്നു. മഴയുടെ മറവില്‍ വനപാലകരുടെ കണ്ണുവെട്ടിച്ചാണ് പുലര്‍ച്ചയോ ടെ ആനകള്‍ ജനവാസമേഖലയിലേക്കെത്തിയത്.
നെല്ലിക്കുന്ന്, മണ്ണാത്തി ഭാഗങ്ങളില്‍ മൂന്നിടങ്ങളിലായി മരം തള്ളിയിട്ട് സോളാര്‍ പ്രതിരോധ വേലി തകര്‍ത്താണ് ഇവ കാടിറങ്ങിയത്. കോട്ടാണിയില് നിന്നും മുളകുവള്ളം വനം വഴി പൂള ക്കുന്നിലെത്തിയ കാട്ടാനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുകയായിരുന്നു.വിവരമറിഞ്ഞ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം നല്കാന് നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കാട്ടാനകള്‍ മരംതള്ളിയിട്ട് നശിപ്പിച്ച മണ്ണാത്തി ഭാഗത്തെ ഒന്നരകിലോമീറ്ററോളം ദൂരം വരുന്ന പ്രതിരോധ വേലി വനപാലകര്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.
വാര്‍ഡ് മെമ്പര്‍ സി.ടി. സുമയ്യ അഷ്റഫ്, പൊതുപ്രവര്‍ത്തകരായ ടി.കെ. ഇപ്പു, എ. ഹംസ ഉള്‍പ്പടെ യുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തേക്ക് കാട്ടാനകള്‍ ഇറങ്ങുന്നത് തടയാന്‍ ശാശ്വത പരി ഹാരം കാണണമെന്നും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും നാട്ടുകാര്‍ ആവ ശ്യപ്പെട്ടു.കാട്ടാനകള്‍ കോട്ടാണി ഭാഗത്ത് തമ്പടിച്ചിട്ടുണ്ടെന്നും രാത്രികാല നിരീക്ഷണം ശക്തമാ ക്കിയിട്ടുണ്ടെന്നും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
