തെങ്കര: സൗന്ദര്യവര്‍ധക വസ്തുക്കളിലെയും പ്രോട്ടീന്‍ പൗഡറുകളിലെയും അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്കാന് സ്കൂളുകളില്‍ ബോധവല്‍ക്കരണം ആരംഭിക്കുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്. ‘ആരോഗ്യകാന്തി ആയുര്‍വേദത്തിലൂടെ’ എന്ന സന്ദേശവുമായി തെങ്കര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച ‘സഹജം സുന്ദരം’ കാംപെയിന് ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ സ്കൂളുകളിലേക്കും എത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
പരസ്യങ്ങളുടെ സ്വാധീനത്താല്‍ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ കാംപെയിന്. ഇത്തരം ഉല്‍പ്പന്നങ്ങളിലെ രാസഘടകങ്ങള്‍, അവയുടെ അമിതവും തെറ്റായതുമായ ഉപയോഗം മൂലമുണ്ടാകാവുന്ന ചര്‍മ്മ പ്രശ്നങ്ങള്‍, അലര്‍ജി, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം.തെങ്കര ഗവ. ആയുര്‍വേദ ആശുപത്രി വിഷ ചര്‍മ്മരോഗ- അലര്‍ജി വിഭാഗം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.നിത, ബോധവല്‍ക്കരണ ക്ലാസെടുത്തു.
തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന അധ്യക്ഷയായി.ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം ദിനേശന്, ജില്ലാ പഞ്ചായത്ത് അംഗം റഫീഖ് പാറക്കോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, പഞ്ചായത്ത് അംഗങ്ങളായ സെറീന ഫിറോസ്, അന്‍വര്‍, ജഹീഫ്, ജസീന ഹസന്‍കുട്ടി, ടി.എ സലാം, വട്ടോടി വേണുഗോപാല്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് പ്രതിനിധികളായ ഡോ. സിറാജ്, ഡോ. ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
