ബിരുദ പ്രവേശനം 2026: എഡിറ്റിങ്, ലേറ്റ് രജിസ്ട്രേഷന്
ബിരുദ പ്രവേശനത്തിന്റെ ( 2026 – 27 ) നാലാം അലോട്ട്മെന്റിനെ തുടര്‍ന്ന്, കോളേജ് / പ്രോഗ്രാം ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനും പുതുതായി ലേറ്റ് രജിസ്ട്രേഷന് നടത്തുന്നതിനും ആഗസ്റ്റ് 01 മുതല്‍ 03 വരെ അവസരമുണ്ടായിരിക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയാണെങ്കില്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.
എഡിറ്റിങ്
ആഗസ്റ്റ് 01 മുതല്‍ 03-ന് വൈകീട്ട് 05.00 മണി വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ( ഇ-മെയില്‍ ഐ.ഡി., മൊബൈല്‍ നമ്പര്‍, പേര് എന്നിവ ഒഴികെ ) പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് പ്രവേശനം നേടിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും എഡിറ്റിങ് സൗകര്യം ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ചെങ്കിലും സര്‍വകലാശാലാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ വിവിധ ഘട്ടങ്ങളില്‍ അലോട്ട്മെന്റില്‍ നിന്ന് പുറത്തായവരെ എഡിറ്റ് ചെയ്ത് അപേക്ഷ പൂര്‍ത്തീകരിച്ചാല്‍ മാത്രം അലോട്ട്മെന്റുകള്‍ക്ക് / റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. നാലാം അലോട്ട്മെന്റിന് ശേഷം ഹയര്‍ ഓപ്ഷന് നിലനിര്‍ത്തിക്കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരം അഡ്മിഷന് എടുക്കാന്‍ അവസരമുണ്ട്. ഹയര്‍ ഓപ്ഷനുകള്‍ നിലനില്‍ക്കുന്നപക്ഷം ഇവ അടുത്ത അലോട്ട്മെന്റിലേക്ക് പരിഗണിക്കും. പ്രസ്തുത ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ചിരുന്ന അഡ്മിഷന് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്കുന്നതുമല്ല. ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്തവരെ നിലവിലെ അപേക്ഷ പ്രകാരം അഞ്ചാമത്തെ അലോട്ട്മെന്റിലേക്ക് / റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂര്‍ത്തീകരിച്ച മുഴുവന്‍ പേരെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിഗണിക്കുക.
ലേറ്റ് രജിസ്ട്രേഷന്
ബിരുദ പ്രവേശനത്തിനായി 870 രൂപ ഫീസോടുകൂടി ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം ആഗസ്റ്റ് 1 മുതല്‍ 3 ലഭ്യമാകും. വെബ്സൈറ്റ് : admission.uoc.ac.in. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാണ് അടുത്ത അലോട്ട്മെന്റും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുക. അഞ്ചാമത്തെ അലോട്ട്മെന്റിന് ശേഷം എല്ലാ കോളേജുകളിലേക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പിന്നീട് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാക്കുന്നതായിരിക്കും. കേരള സ്റ്റേറ്റ് ആർട്സ് ഫെസ്റ്റിവൽ , എൻ.എസ്.എസ്., എൻ.സി.സി. (75 % അറ്റന്‍ഡന്‍സ് ലഭിച്ച സര്‍ട്ടിഫിക്കറ്റ്), എസ്.പി.സി., നന്മമുദ്ര എന്നിവയില്‍ പ്ലസ്ടു തലത്തില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കൂ. അപേക്ഷയിലെ അപാകങ്ങളുണ്ടെങ്കില്‍ നിലവിലെ അലോട്ട്മെന്റ് / പ്രവേശനം നഷ്ടപ്പെടുകയും തുടര്‍ന്നുള്ള പ്രവേശന നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ്.
പൂമല സെന്ററിൽ എം.എസ്.ഡബ്ല്യൂ. സീറ്റൊഴിവ്
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ പി.ജി. സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് ജനറൽ, എസ്.സി., എസ്.ടി., ഇ.ടി.ബി., മുസ്ലിം വിഭാഗങ്ങളിലായി ഏതാനും സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും അവസരമുണ്ട്. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496344886.
പി.ജി. ഡിപ്ലോമ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പില്‍ പ്രൊജക്ട് മോഡ് പ്രോഗ്രാമായ പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാസയന്‍സ് ആന്റ് അനലറ്റിക്സില്‍ എല്ലാ വിഭാഗത്തിലും ഏതാനും സീറ്റുകളില്‍ ഒഴിവുകള്‍ ഉണ്ട്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 06-ന് രാവിലെ 11.00 മണിക്ക് അനുബന്ധ രേഖകളുമായി പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടണം. ഫോണ്‍ : 8129544376, 0494 2407325.
ഡോഗ് ട്രെയിനിങ് കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് പഠന വകുപ്പ് തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പ്രൊഫഷണല്‍ ഡോഗ് ട്രെയിനിങ് ആന്റ് കനൈന്‍ ഫോറന്‍സിക് – 2026 (ബാച്ച് I) മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സിലെ പ്രവേശനത്തിന് ആഗസ്റ്റ് 10-ന് വൈകീട്ട് 05.00 മണി വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനത്തിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ് ( admission.uoc.ac.in ) സന്ദര്‍ശിക്കുക. ജനറല്‍ വിഭാഗത്തിനും എസ്.സി. / എസ്.ടി. വിഭാഗത്തിനും 155/- രൂപയാണ് അപേക്ഷാഫീസ്. പ്രിന്റൗട്ടിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ചലാന്‍ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ടോ തപാല്‍ വഴിയോ വകുപ്പ് മേധാവി, ഫോറന്‍സിക് പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, കേരള പോലീസ് അക്കാദമി തൃശ്ശൂര്‍ (ഫോണ്‍ – 0487 2328770 ഇ-മെയില്‍ : forensichod@uoc.ac.in) എന്ന വിലാസത്തില്‍ ആഗസ്റ്റ് 10-ന് അഞ്ച് മണിക്കകം എത്തിക്കണം. യോഗ്യത, ഫീസ് എന്നിവയുടെ വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
എം.ബി.എ. സീറ്റൊഴിവ്
കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2026 – 27 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് സർവകലാശാലാ വെബ്സൈറ്റ് വഴി ആഗസ്റ്റ് 05 വരെ അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ആഗസ്റ്റ് 06-ന് വൈകീട്ട് 05.00 മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2607224, 8547537224.
എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ റീജിയണൽ സെന്റർ ആയ അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സി.സി.എസ്.ഐ.ടി.യിൽ എം.സി.എ. കോഴ്സിന് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 05-ന് 04.00 മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിലുള്ളവർക്കു സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9539833728, 9495130951.
എം.ബി.എ. സീറ്റൊഴിവ്
തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍മത്തായി സെന്ററിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ബി.എ. ഡ്യുവല്‍ സ്പെഷ്യലൈസേഷന് (ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്റ് ഹെല്‍ത് കെയര്‍ മാനേജ്മെന്റ്) പ്രോഗ്രാമില്‍ സീറ്റൊഴിവുണ്ട്. എന്‍ട്രന്‍സ് യോഗ്യതയില്ലാത്തവര്‍ക്കും ബിരുദമാര്ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ രജിസ്ട്രേഷന് ഫോം സഹിതം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 4-ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി കേന്ദ്രത്തില്‍ ഹാജരാകണം. പാര്‍ട്ട് ടൈം എം.ബി.എ. പ്രോഗ്രാമുകളില്‍ ഓപ്പണ്‍, സംവരണ ക്വാട്ടകളിലും ഒഴിവുകളുണ്ട്. ഫോണ്‍: 9447795387, 04872386439.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2022, 2023 പ്രവേശനം) ഏപ്രിൽ 2026, (2021 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബി.എം.എം.സി. ( CBCSS – UG 2020 – 2023 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
