കോട്ടോപ്പാടം:തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പില്‍ നിന്നും കാട്ടിലേക്ക് തുരത്തിയ മൂന്ന് കാട്ടാനകള്‍ വീണ്ടും തിരിച്ചെത്താതാരിക്കാന് വനംവകുപ്പ് പ്രതിരോധ പ്രവര് ത്തനങ്ങള് ശക്തമാക്കി. ഇവ കാട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്നത് തടയാന്‍ സ്റ്റേഷന് സ്റ്റാഫും ആര്.ആര്.ടിയും ചേര്‍ന്ന് രാത്രികാല നിരീക്ഷണവും പട്രോളിങ്ങും നടത്തിവരുന്നതായി തിരു വിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സി.ഗിരീഷ് അറിയിച്ചു.
ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ബുധനാഴ്ച രാത്രിയില്‍ നടത്തിയ ദൗത്യമാണ് വിജയം കണ്ടത്. കൊമ്പനാനയും മോഴയും ഒരു കുട്ടിയാനയും ഉള്‍പ്പെട്ട സംഘമാണ് ഒരാഴ്ചക്കാലത്തോളമാ യി നാട്ടുകാര്‍ക്ക് ശല്യമായി വനപാലകരെ വട്ടംകറക്കുന്നത്. സംഘത്തിലെ കൊമ്പനും മോഴയും അക്രമസ്വഭാവമുള്ളവയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ചെന്നേരിക്കുന്നില്‍ ആനകളെ തുരത്തുന്നതി നിടെ വാച്ചര്‍ ഷൈജുവിനെ ആക്രമിച്ച് കൊന്നതും ആര്.ആര്.ടിയുടെ വാഹനത്തെ ആക്രമിച്ച തും ഈ കൊമ്പനാണെന്നും അധികൃതര്‍ പറയുന്നു. സൈലന്റ്വാലി മലനിരകളില്‍ നിന്നുമെത്തി വെള്ളിയാര്‍ പുഴകടന്ന് ഫാമിലേക്ക് കയറി തമ്പടിക്കുന്ന കാട്ടാനകള്‍, സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെത്തി കാര്‍ഷിക വിളകളും നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം മുണ്ടക്കുന്ന് പ്രദേശത്തെത്തിയ കാട്ടാനകള്‍ നാലോളം കര്‍ഷകരുടെ തെങ്ങ്,കമുക്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷി നശിപ്പിച്ചു.
വനാതിര്‍ത്തിയിലെ പ്രതിരോധവേലിയിലേക്ക് മരം തള്ളിയിട്ട് നശിപ്പിച്ചാണ് കാട്ടാനകള്‍ നാട്ടി ലേക്കിറങ്ങുന്നത്. ഫാമില്‍ നിലയുറപ്പിച്ച കാട്ടാനകളെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വനംവകു പ്പിന്റെ നേതൃത്വത്തില്‍ തുരത്താനാരംഭിച്ചത്. ആദ്യ ദിവസം അഞ്ച് മണിക്കൂറി ലധികം നീണ്ട ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, തിങ്കളാഴ്ച ഇല്ലിക്കല്‍ മലയിലേക്ക് കയറ്റിയെ ങ്കിലും ആനകള്‍ വീണ്ടും ഫാമിലേക്ക് തന്നെ തിരിച്ചെത്തി. പിറ്റേന്ന് കനത്തമഴ കാരണം ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രി തിരുവിഴാംകുന്ന് സ്റ്റേഷന് ജീവനക്കാര്‍, വാച്ചര്‍മാര്‍, മണ്ണാര്‍ക്കാട് ആര്.ആര്.ടി., അമ്പലപ്പാറ ക്യാംപ് ഷെഡ് ജീവനക്കാര്‍, പി.ആര്.ടി. അംഗങ്ങള്‍, ഫാമിലെ ജീവന ക്കാര് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഏറെനേരത്തെ കഠിനശ്രമ ത്തിനൊടുവിലാണ് മോഴയും കുട്ടിയാനയെയും കോട്ടാണി റിസര്‍വിലേക്കും കൊമ്പനെ കരടിയോട് ഭാഗത്തെ സൈലന്റ് വാലി ബഫര്സോണിലേക്കുമാണ് ഓടിച്ചുകയറ്റിയത്. ജീവന് കയ്യില്‍പിടിച്ചാണ് വനപാലകര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. കാട്ടാനകളെ സൈലന്റ്വാലി ഉള്‍വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുകയാണ്.
അതേസമയം കാട്ടാനശല്ല്യം രൂക്ഷമായതോടെ തിരുവിഴാംകുന്ന് കരടിയോട്, മേലകളം, ഇരട്ട വാരി, അമ്പലപ്പാറ, കാഞ്ഞിരംകുന്ന്, പുളിച്ചിപ്പാറ, കച്ചേരിപ്പറമ്പ്, കണ്ടമംഗലം, പുറ്റാനിക്കാട് തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനജീവിതം ഭീതിയുടെ നിഴലിലാണ്.ടാപ്പിങ് തൊഴിലാ ളികളും മദ്റസയ്ക്കും ട്യൂഷനും പോകുന്ന കുട്ടികളും പ്രഭാത സവാരിക്കാരുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.ശല്യക്കാരായ കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടി കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.ഇതിനിടെ, മോഴയാനയ്ക്ക് റോഡിയോ കോളര്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുന്നുണ്ട്.
