മണ്ണാര്‍ക്കാട്: വ്യാഴാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെ സെക്രട്ടറി അറിയാതെ യോഗം വിളിച്ചെന്ന് ആക്ഷേപവും പ്രതിഷേധവും. യോഗം സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് വിതരണം ചെയ്തിരുന്നുവെങ്കിലും ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് സെക്രട്ടറി എം.സതീഷ്കുമാര്‍ പറയുന്നത്. സെക്രട്ടറി ഒപ്പിടാത്ത നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ ക്ലാര്‍ക്കിനോട് വിശദീകരണമാരാഞ്ഞതോടെയാണ് സംഭവം വിവാദത്തിലെക്കെത്തിയത്. ഭരണ സമിതിയിലുള്‍പ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളായ എം.കെ രാധാകൃഷ്ണനും ജലീല്‍ കൊളമ്പനും പ്രതിഷേധവുമായി രംഗത്തെത്തി. സെക്രട്ടറി അറിയാതെ യോഗം വിളിച്ചത് ശരിയായില്ലെന്ന നിലപാടായിരുന്നു ഇരുവര്‍ക്കും. ഇടതുപക്ഷ കൗണ്‍സിലര്‍മാരും സെക്രട്ടറിയെ ചേംബറിലെത്തി കണ്ട് സംസാരിച്ചു. യോഗം മാറ്റിവെക്കണമെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ്.അജയ കുമാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഉന്നയിക്കുന്ന പൊതുജനവിഷയങ്ങള്‍ അജണ്ടകള്‍ ആകാറില്ലെ ന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അംഗീകരിക്കപ്പെട്ട അജണ്ടകളില്‍ ഏതൊക്കെ യാണ് കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ചെയര്‍പേഴ്സണും സെക്രട്ടറിയും കൂടിയാലോചിച്ചാണ് തീരുമാനിക്കുക. ഇതുണ്ടായിട്ടില്ലെന്നും സെക്രട്ടറി പറയുന്നു. അതേസമയം കൗണ്‍സില്‍ യോഗം ചേരുന്നതിനുള്ള നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ ക്ലാര്‍ക്ക് മുഖേന നല്കിയിട്ടു ണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന വ്യക്തമാക്കി. സാധാരണ നിലയിലുള്ള നടപടി കള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ തന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും നാളെ രാവിലെ 10.30ന് യോഗം ചേരുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
