നാട്ടുകല്‍: നിയന്ത്രണംവിട്ട് ദേശീയപാതയോരത്തെ മരത്തിലിടിച്ച് നിന്ന ലോറിയുടെ ക്യാബി നില് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചൊവ്വാ ഴ്ച രാവിലെ 6.15ഓടെ നാട്ടുകല്‍ പൊലിസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.പെരിന്തല്‍മണ്ണ ഭാഗത്തേക്ക് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം തകരുകയും തിരുച്ചിറപ്പള്ളി സ്വദേശി ഇളങ്കോവന് (46) ക്യാബിനില്‍ കുടുങ്ങുകയുമായിരുന്നു. പരിക്കേല്‍ക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് ലോഹഭാഗങ്ങളും മറ്റും മുറിച്ചുനീക്കിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
ഇദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ സജിത്ത് മോന്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ എം.ആര് രാഗില്‍, വി.സുരേഷ് കുമാര്‍, സി.റിജേഷ്, കെ.പ്രശാന്ത്, ഹോംഗാര്‍ഡ് സുമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
