പാലക്കാട്: മുണ്ടൂര്‍ -തൂത സംസ്ഥാന പാതയില്‍ വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഒരു മാസത്തിനകം പരിഹാര നടപടികള്‍ നടപ്പിലാക്കണമെന്ന് മന്ത്രി കെ.എ തുളസി കെ.എസ്. ടി.പിയോട് നിര്‍ദ്ദേശിച്ചു. ജനപ്രതിനിധികള്‍, കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പാല ക്കാട് ആര്.ടി.ഒ, പൊലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘം റോഡിലെ അപകട മേഖലകള്‍ സന്ദര്‍ശിക്കും. ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് അപകടരഹിത ഗതാഗതം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 15 ദിവസത്തിനുള്ളില്‍ സ്വീകരിച്ച നടപടിക ളെ സംബന്ധിച്ച് അവലോകന യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.മുണ്ടൂര്‍ -തൂത സംസ്ഥാനപാത നവീകരണത്തിലെ അശാസ്ത്രീയത പരിഹരിക്കാനും അപകടങ്ങള്‍ ഒഴിവാ ക്കാനുമായി കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ സംസാരിക്കുകയാരുന്നു മന്ത്രി.
എട്ടു മാസത്തിനിടെ 17 പേരുടെ ജീവന് നഷ്ടപെട്ട സാഹചര്യം ഇനിയും ആവര്‍ത്തിക്കരുത്. ഇക്കാര്യത്തില്‍ കെ.എസ്.ടി.പി. നടപ്പിലാക്കുന്ന പരിഹാര നടപടികളില്‍ അതാതു മേഖലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍, ഹൈസ്പീഡ് ക്യാമറകള്‍, സ്പീഡ് ബ്രേക്കറുകള്‍, സ്ട്രിപ്പുകള്‍ എന്നിവ ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മേഖലയിലെ റോഡപകടങ്ങള്‍ പരിഹരിക്കുന്നതിനും റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുന്നതിനും സാമ്പത്തിക സ്ഥിതി തടസ്സമാകില്ലെന്നും മന്ത്രി അറിയിച്ചു.
ചെര്‍പ്പുളശ്ശേരി നഗരസഭ, കടമ്പഴിപ്പുറം, തൃക്കടീരി, മുണ്ടൂര്‍, കോങ്ങാട്, ശ്രീകൃഷ്ണപുരം തുടങ്ങിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. സുധീര്‍ അധ്യക്ഷനായി. എം.എല്‍.എമാരായ കെ.പ്രേംകുമാര്‍, പി.മമ്മിക്കുട്ടി, എ.പ്രഭാകരന്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബീന, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സൂര്യ, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രാമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
