മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റവന്യൂ, പൊലിസ്, അഗ്നി രക്ഷാസേന, ഫിഷറീസ്, തീരദേശ പൊലിസ്, തദ്ദേശസ്ഥാപന- ജലസേചന- വൈദ്യുത വകുപ്പുക ള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്കി.
ജൂലൈ 17-ന് തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ള അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജൂലൈ 17-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 19-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അതിതീവ്രമഴയുടെ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യത കണക്കിലെടുത്ത് ജില്ലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘ഓറഞ്ച് ബുക്ക് 2026’ മാര്‍ഗരേഖ അനുസരിച്ച് ദുരന്തപ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും വള്‍ണറബിള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി ആവശ്യമായ ഘട്ടങ്ങളില്‍ മുന്‍കൂട്ടി മാറ്റിപ്പാര്പ്പിക്കണ മെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ജില്ലാ, താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു വെന്ന് ഉറപ്പാക്കണമെന്നും ദുരന്തസാധ്യതാ മേഖലകളില്‍ പ്രതികരണ സംവിധാനങ്ങള്‍ സജ്ജമാ ക്കി നിര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മലയോര മേഖലകളില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിനും ആവശ്യമായാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ്, വനം, അഗ്നിരക്ഷാസേന, തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ, ഡാം ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ ഏകോപനവും ഉറപ്പാക്കണം.ഡാമുകളുടെ റൂള്‍ കര്‍വ് പാലിക്കു ന്നുണ്ടെന്ന് ഉറപ്പാക്കാനും ചെറുകിട ഡാമുകളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും കെ.എസ്.ഇ.ബി., ജലസേചന വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
