എടത്തനാട്ടുകര:പാലക്കാട് ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ ടീം ഏറ്റുവാങ്ങി. തുടര്‍ച്ചയായി രണ്ടാം തവ ണയാണ് സ്കൂളിന് ഈ അംഗീകാരം ലഭിക്കുന്നത്. 40,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം.
നിയമസഭ മന്ദിരത്തിലെ ആര്.ശങ്കരനാരായണന് തമ്പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീനില്‍ നിന്നും സ്കൂള്‍ പ്രധാന അധ്യാപകന് കെ.എ അബ്ദമനാഫ്, അധ്യാപകരായ എം. ജിജേഷ്, പി. ബല്‍ക്കീസ് ഇബ്രാഹിം, വിദ്യാര്‍ഥികളായ വി. ദിയ ഫാത്തിമ, പി. നദ നസ്രിന്, ഒ. അലൂഫ് അന്‍വര്‍, കെ.ടി. അബ്ദുല്‍ വാഹിദ്, ഫൈമ ഫിറോസ്, കെ. റിസിന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴില്‍ ലഹരിക്കെതിരായ ഷോര്‍ട്ട് ഫിലിം, രക്ഷിതാക്കള്‍ക്കും പൊ തുജനങ്ങള്ക്കും സൈബര്‍ സുരക്ഷാ ബോധവത്കരണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലനം, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, റോബോട്ടിക് ഫെസ്റ്റ്, ഉബുണ്ടു ഇന്സ്റ്റലേഷന് ഫെസ്റ്റ്, സ്വതന്ത്ര സോഫ്റ്റ്വെയര് വ്യാപനം, ഐ.ടി. അനുബന്ധ ക്ലാസുകള്‍, സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്കുമെന്റേഷന്‍, ഡിജി കേരള പോലുള്ള സാമൂഹ്യ പ്രസക്തിയുള്ള പദ്ധതികളിലെ പങ്കാളിത്തം, പി.ടി.എ.യുടെ പിന്തുണ, പൂര്‍വ്വ വിദ്യാര്‍ഥികളുടെ സേവനം തുടങ്ങിയവ സ്കൂളിന്റെ നേട്ടത്തിന് വഴിയൊരുക്കി.
