കോട്ടോപ്പാടം: പാണക്കാടന് വനമേഖലയിലെ മുളകുവള്ളം ഭാഗത്ത് തമ്പടിച്ച മൂന്ന് കാട്ടാനകളെ സൈലന്റ്വാലി ബഫര്‍സോണിലേക്ക് തുരത്തുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭി ച്ചു.ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ആനകളെ ഓടിച്ചെങ്കിലും ഇവ വനപാലകസംഘത്തിന് നേരെ തിരിഞ്ഞതോടെ ഉദ്യമം താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും മണ്ണാര്‍ക്കാട് ആര്.ആര്.ടിയും ഉള്‍പ്പെട്ട 20 അംഗ സംഘം രാവിലെ 11.30-ഓടെ ആരംഭിച്ച ദൗത്യത്തില്‍, ആനകളെ കരടിയോട് ഭാഗത്തെ ഉള്‍വനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും അവ കോട്ടാണിക്കുന്ന് റിസര്‍വിലെ ചെന്നേരി ഭാഗ ത്ത് നിലയുറപ്പിക്കുകയായിരുന്നു.ഇതിനിടെ പ്രകോപിതരായ ആനകള്‍ വനംവകുപ്പ് സംഘത്തെ ഓടിക്കുകയും ചെയ്തതോടെ, തിങ്ങിനിറഞ്ഞ വനത്തിലൂടെയുള്ള ദൗത്യം അപകടകരമാണെന്ന് കണ്ടാണ് ദൗത്യം വൈകിട്ടോടെ നിര്‍ത്തിവെച്ചത്. എങ്കിലും, ആനകള്‍ വീണ്ടും ജനവാസ മേഖ ലയിലേക്ക് ഇറങ്ങിയാല്‍ തുരത്താനുള്ള നിര്‍ദേശം ഡി.എഫ്.ഒയും റെയ്ഞ്ച് ഓഫിസറും നല്‍കിയിട്ടുണ്ട്.
ഒരു കൊമ്പനും പിടിയാനയും കുട്ടിയുമടങ്ങിയ പുതിയ സംഘമാണ് മുളകുവള്ളം ഭാഗത്തെ ത്തിയത്.ഒരാഴ്ചയോളമായി ഈ ആനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തി കൃഷിനശിപ്പിക്കുന്നുണ്ട്. കൂടാതെ ഈ ആനക്കൂട്ടവും മേഖലയില്‍ തമ്പടിക്കാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഇവയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനായി വനപാലകസംഘമെത്തിയത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള സ്റ്റേഷന് ജീവനക്കാര്‍, താത്കാലിക വാച്ചര്‍മാര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.മോഹനകൃഷ്ണ ന്റെ നേതൃത്വത്തിലുള്ള ആര്.ആര്.ടി അംഗങ്ങളുമുള്‍പ്പെട്ട 20അംഗ സംഘമാണ് ആനകളെ തുരത്തിയത്.കച്ചേരിപ്പറമ്പ്, മുട്ടിപ്പാറ, മലേരിയം, കാഞ്ഞിരംകുന്ന് പ്രദേശങ്ങളിലാണ് ഇപ്പോള്‍ കാട്ടാനശല്ല്യം നേരിടുന്നത്. നിലവില്‍ മോഴയാനയടക്കം എട്ട് ആനകളാണ് ഈ മേഖലയില്‍ വിഹരിക്കുന്നത്. പുതിയ സംഘത്തിന് പുറമെ മേഴയാന ഉള്‍പ്പെട്ട മറ്റുരണ്ട് സംഘങ്ങളുമാണ് വനപാലകര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ തലവേദനതീര്ക്കുന്നത്. ഇതിലെ സ്ഥിരം ശല്യ ക്കാരനായ മോഴയാനക്ക് റോഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് അധികൃതര്‍.
പാണക്കാടന് റിസര്‍വ് വനത്തില്‍ തമ്പടിക്കുന്ന കാട്ടാനകളെ മുന്‍പും പലതവണ വനപാലകര്‍ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്.സൈലന്റ്വാലി മലനിരകളില്‍ നിന്നും എത്തുന്ന കാട്ടാനകള്‍ കരടിയോട് മേലേക്കളം വഴി പ്രതിരോധവേലിയില്ലാത്ത മുളകുവള്ളം ഭാഗത്തുകൂടെയാണ് കോട്ടാനി റിസര്വിലേക്കെത്തുന്നത്. കോട്ടാനിഭാഗത്ത് കാട്ടാനകള്‍ തകര്‍ത്ത പ്രതിരോധവേലി പുനര്‍നിര്‍മിക്കാത്തതും കാട്ടാനകള്‍ക്ക് നാട്ടിലേക്കെത്താന്‍ കാരണമാകുന്നു.കഴിഞ്ഞ നാല് മാസമായി ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. രാത്രികാലങ്ങളില്‍ കാട്ടാന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.