പാലക്കാട്: ജില്ലയിലെ വൈദ്യുതി ഉത്പാദന- വിതരണ- പ്രസരണ മേഖലയിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് മണ്ഡലാടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കെ.പി.എം. റെസിഡന്‍സിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായ മന്ത്രി തദ്ദേശ സ്ഥാപന തലത്തിലും സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദേശം നല്കി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ ര്‍ മുന്‍കൈയെടുത്ത് രണ്ടോ/ മൂന്നോ മാസത്തില്‍ യോഗം ചേരണം. എം.എല്‍.എ ചെയര്‍പേഴ്സനും എക്സി. എന്‍ജിനീയര്‍ കണ്‍വീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികള്‍ കൃത്യമായി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണസ്ഥാപനതലത്തിലുള്ള ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണം. പരാതികള്‍ അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടു ന്നവരോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കള്‍ വിളിക്കുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കുന്ന സാഹചര്യം ഉണ്ടാവരുത്. വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിന് നിരന്തര ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. അപകടം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പ്രധാനം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും നിര്‍ദേശിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ക്ക് പരിഹാരം കാണും. പറമ്പിക്കുളത്തെ വൈദ്യുതിലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വൈദ്യുതി പ്രസരണത്തിന് പുതിയ സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്നും സെക്ഷന്‍ ഓഫീസുകളുടെ വിഭജനം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കിയാല്‍ വൈദ്യുതി ഉത്പാദനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ആവശ്യമുയര്‍ന്നു. പറമ്പിക്കുളം മേഖലയില്‍ വൈദ്യു തി എത്തിക്കാന്‍ ശാസ്ത്രീയപഠനം നടത്തുക, കടമ്പഴിപ്പുറം സബ് സ്റ്റേഷന് നിര്‍മാണം കാര്യക്ഷ മമാക്കുക, വൈദ്യുതിതടസം ഇല്ലാതെ പമ്പ് ഹൗസ് മുഖേനയുള്ള ജലവിതരണം സാധ്യമാക്കുക, കൊഴിഞ്ഞാമ്പാറ- വേലന്താവളം ഭാഗങ്ങള്‍ക്കായി വണ്ണാമടയില്‍ പ്രത്യേക സെക്ഷന്‍ ഓഫീസ് രൂപീകരിക്കുക, കരിമ്പുഴ സബ് ഓഫീസ് സെക്ഷന്‍ ഓഫീസായി ഉയര്‍ത്തുക, പാലക്കുഴി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അനുമതികള്‍ ലഭ്യമാക്കുക- യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
നിലവില്‍ 300 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ചില്‍ പൂര്‍ത്തി യാക്കാനാണ് ലക്ഷ്യമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. എം.എല്‍.എമാരായ സുമേഷ് അച്യുതന്, എ പ്രഭാകരന്, കെ പ്രേംകുമാര്‍, പി മമ്മിക്കുട്ടി, കെ പ്രേമന്, ടി.എം ശശി, കെ.എസ്.ഇ.ബി ഡയറക്ടര്‍ എം.പി രാജന്, കോഴിക്കോട് ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് ചീഫ് എന്‍ജിനീയര്‍ മായ തമ്പാന്, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
