മണ്ണാര്‍ക്കാട്: അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്കുന്ന ആള് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് ജില്ലാ സമ്മേളനം പൊതുവിദ്യാഭ്യാസ ന്യൂന പക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷനായി.
കഴിഞ്ഞ സീസണില്‍ നടന്ന ജില്ലയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ്, ജനപ്രിയ ടൂര്‍ണമെന്റ്, സംസ്ഥാനത്ത് ആദ്യമായി നടന്ന ടൂര്‍ണമെന്റ് എന്നിവയെ ചടങ്ങില്‍ ആദരിച്ചു. യഥാക്രമം മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്, കനിവ് വല്ലപ്പുഴ, കരിങ്കല്ലത്താണി ഐഡിയല്‍ ക്ലബ് എന്നിവര്‍ ആദരമേറ്റുവാങ്ങി. ജില്ലയിലെ മികച്ച ടീമായി ഇസ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി തിരഞ്ഞെടു ക്കപ്പെട്ടു. ആദ്യകാല സെവന്‍സ് താരമായ മുജീബ് റഹ്മാന്, സന്തോഷ് ട്രോഫി താരം സജീഷ് പുഞ്ചിരി, വിവിധ ടീമുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ എന്നിവരെയും ആദരിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍ അനീസ് ഗസന്‍ഫര്‍, ബ്ലോക്ക് പഞ്ചായ ത്ത് അംഗം സലാഹുദ്ദീന് മമ്പാട്, സംഘടന സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, യാഷിക്ക് മഞ്ചേരി, മുഹമ്മദ് കുഞ്ഞി, യൂസുഫ് ഏമാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
