മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ ഭാഗമായ കുരുത്തിച്ചാലിലെ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം, നാട്ടുകാര്‍ ചേര്‍ന്ന് അതിസാഹസികമായി കരയ്ക്കെത്തിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി ഇല്യാസിന്റെ നേതൃത്വത്തില്‍ പുഴയിലിറങ്ങി പരിചയമുള്ളവരാണ് ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. 30 വയസ്സ് പ്രായം മതിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് കുരുത്തിച്ചാലില്‍ പുഴയുടെ മധ്യഭാഗത്തായി വലിയ പാറക്കെട്ടുകള്‍ക്കിടയില്‍ തലയുള്‍പ്പടെ ശരീരം കുടുങ്ങി കിടക്കുന്ന നിലയില്‍ കാട്ടാനയെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. വിവരമറിയിച്ചപ്രകാരം വനപാലകരെത്തുകയും കാട്ടാനയെ പുറത്തെടുക്കാനായി അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയും ചെയ്തിരുന്നു.എന്നാല്‍ പുഴയിലെ ജലനിരപ്പും ശക്തമായ കുത്തൊഴുക്കും കാരണം ഇതിന് കഴിഞ്ഞില്ല. വെള്ളിയാഴ്ച പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ യാണ് ജഡം പുറത്തെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. പുഴയിലിറങ്ങി പരിചയമുള്ളവര്‍ കയറും മറ്റുമായി കാട്ടാനയുടെ അടുത്തേക്കെത്തി. ആനയുടെ പിന്കാലുകള് ആഴത്തിലേക്ക് പതിച്ചതി നൊപ്പം മസ്തകം പാറയിടുക്കില്‍ അകപ്പെട്ടനിലയിലുമായിരുന്നു.ഏറെ പണിപ്പെട്ടാണ് പാറയിടു ക്കില്‍ നിന്നും ആനയുടെ ശരീരത്തെ വേര്‍പെടുത്തിയത്. തുമ്പിക്കൈയില്‍ കേബിള്‍ ബന്ധിച്ച് ചെയിന്‍ ബ്ലോക്കിന്റെ സഹായത്തോടെയാണ് സാഹസികമായി പാറയിടുക്കില്‍ ആഴത്തില്‍ കുടുങ്ങിയ ആനയുടെ ശരീരത്തെ ഇവര്‍ പുറത്തെടുത്തത്. കുത്തൊഴുക്കിനേയും അപകടക്കയ ങ്ങളേയും വകവെയ്ക്കാതെ ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ ദൗത്യം വൈകിട്ട് അഞ്ചരയോടെ യാണ് പൂര്‍ത്തിയാക്കിയത്.
ആനയുടെ ജഡം തുടര്‍നടപടികള്‍ക്കായി ലോറിയില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മുളകുവള്ളം വനത്തിലേക്ക് മാറ്റി. ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ജഡം സംസ്കരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.പുഴ മുറിച്ചുകടക്കുന്നതിനിടെ കാട്ടാന ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ട ത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത,ഡി.എഫ്.ഒ സി. അബ്ദുല്‍ ലത്തീഫ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ആര്.ആര്.ടി അംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
