എടത്തനാട്ടുകര: കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും മറി കടന്ന് ഉയര്‍ന്ന വിജയം കൈപ്പിടിയിലൊതുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എടത്തനാട്ടുകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ബയോളജി സയന്‍സ് വിദ്യാര്‍ഥിനി ആന്‍ മരിയ സാബു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് ഈ മിടുക്കി സ്കൂളിനും നാടിനും അഭിമാനമായി മാറിയത്. ആദ്യം 1,199 മാര്‍ക്ക് ലഭിച്ച ആന്‍ മരിയയ്ക്ക്, പുനര്‍മൂല്യനിര്‍ണ്ണയ ഫലം വന്നതോടെ 1,200-ല്‍ 1,200 മാര്‍ക്കും ലഭിച്ചു. കൂടാതെ ബയോളജി സയന്‍സില്‍ ജില്ലയിലെ ടോപ്പ റായതും ഇരട്ടിമധുരമായി. സ്കൂളിലെ അധ്യയനത്തിലും സ്വന്തം പഠനരീതികളിലും അര്‍പ്പണ ബോധത്തിലും മാത്രം വിശ്വസിച്ച ആന്‍ മരിയ, ക്ലാസില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നതിനപ്പുറത്തേ ക്ക് മറ്റൊരു സഹായവും തേടിയിരുന്നില്ല.
തിരുവിഴാംകുന്ന് അമ്പലപ്പാറ കൊക്കാട്ടുമുണ്ടക്കല്‍ വീട്ടില്‍ കെ.എം സാബുവിന്റെയും ജൂലിയു ടെയും മകളാണ് ആന്‍ മരിയ. അമ്പലപ്പാറ സെന്ററില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൊടകശ്ശേരി എസ്റ്റേറ്റിലാണ് കുടുംബം താമസിക്കുന്നത്. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തും പുഴ കടന്നും അമ്പലപ്പാറ സെന്ററിലെത്തിയാല്‍ മാത്രമേ സ്കൂളി ലേക്കുള്ള ബസ് ലഭിക്കുകയുള്ളൂ. ദിവസവും അങ്ങോട്ടുമിങ്ങോട്ടുമായി ആറു കിലോമീറ്ററോളം ദൂരമാണ് ആന്‍ മരിയ നടന്നു തീര്‍ക്കുന്നത്. രാവിലെ ഏഴരയ്ക്ക് വീട്ടില്‍ നിന്നുമിറങ്ങിയാല്‍ വൈകിട്ട് ആറുമണിയോടെയാണ് ആന്‍ മരിയ തിരികെ വീട്ടിലെത്തുന്നത്. കഠിനമായ ഈ യാത്രാക്ലേശങ്ങള്ക്കിടയിലും പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ മിടുക്കി ഈ നേട്ടം സ്വന്തമാക്കിയത്.
ഒരു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ മുഴുവന്‍ മാര്‍ക്കും നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന ആന്‍ മരിയയ്ക്കും കുടുംബത്തിനും പുനര്‍മൂല്യനിര്‍ണ്ണയ ഫലം വന്നതോടെ വലിയ സന്തോഷ മായി. പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ ആന്‍ മരിയയെ സ്കൂള്‍ വിജയോത്സവ ചടങ്ങില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉപഹാരം നല്കി ആദരിച്ചി രുന്നു. ഫലം പുറത്തുവന്നയുടന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ, അധ്യാപകരായ ഉണ്ണീന്‍, ആരിഫ, സീന, ഷര്‍മിള എന്നിവര്‍ ആന്‍ മരിയയുടെ വീട്ടിലെത്തി അനുമോദനങ്ങള്‍ അറിയിക്കു കയും ചെയ്തു.എഞ്ചിനീയറിംഗ് മേഖലയില്‍ തിളങ്ങുന്നൊരു കരിയര്‍ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായി ഇപ്പോള്‍ ജെ.ഇ.ഇ എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ആന്‍ മരിയ.
