കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വാലിക്കോടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പശുവിനും ആടുകള്‍ക്കും പരിക്കേറ്റു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രമണങ്ങള്‍ ഉണ്ടായത്.പരിക്കേറ്റ മൃഗങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് പേവിഷബാധ യ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്കി.
ചെമ്പകംപറമ്പില് കൃഷ്ണകുമാറിന്റെ കറവപ്പശുവിനും, വല്ലുള്ളി ബാലന്റെ രണ്ട് ആടുകള്‍ ക്കുമാണ് കാര്യമായി പരിക്കേറ്റത്. ഇവയുടെ മുഖത്തും കഴുത്തിലുമാണ് കടിയേറ്റിരിക്കുന്നത്. കൂടാതെ പലരുടെയും താറാവ്, കോഴി തുടങ്ങിയവയും തെരുവ് നായുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞയുടന്‍ ഗ്രാമ പഞ്ചായത്ത് അംഗം എം.യു. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം വര്‍ധിച്ചുവരുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
