പാലക്കാട്: ജില്ലയിലെ പ്രധാന വ്യവസായമേഖലയായ കഞ്ചിക്കോട്ടെ ഇന്ഡസ്ട്രിയല് എസ്റ്റേറ്റ് റോഡ് ഉടന് ഗതാഗതയോഗ്യമാക്കണമെന്ന് ജില്ലാ കലക്ടര് കെ. സുധീര്. ജൂലൈ 15നകം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സ്ഥിതിഗതികള് നേരിട്ട് വിലയിരുത്തി കലക്ടര് കരാറുകാര്ക്ക് നിര്ദ്ദേശം നല്കി.
ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റി ഈ റോഡിലെ നവീകരണപ്രവൃത്തികള്ക്ക് നേരത്തെ തുടക്കമിട്ടിരുന്നു. എന്നാല് മഴ കനത്തത്തോടെ റോഡിലൂടെയുള്ള യാത്ര ദുര്ഘടമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം വിഷയത്തില് നേരിട്ട് ഇടപെട്ടത്.വെള്ളക്കെട്ട് ഒഴിവാ ക്കാന് ഡ്രെയിനേജ് സംവിധാനമുണ്ടാക്കാനും റോഡിലെ വലിയ കുഴികള് ഫില്ലര് ഉപയോഗിച്ച് നിരപ്പാക്കാനും കലക്ടര് നിര്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില് റോഡ് നിരപ്പാക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച മുതല് തന്നെ ആരംഭി ക്കും. പ്രദേശത്ത് അപകടസൂചനാ ബോര്ഡുകള് സ്ഥാപിച്ചിട്ടുള്ളതായി കേരള റോഡ് ഫണ്ട് ബോര്ഡ് വിഭാഗം അറിയിച്ചു. എം.വി.ഡി., ജില്ലാ വ്യവസായ കേന്ദ്രം, തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്, സൈറ്റ് എന്ജിനീയര്മാര് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കലക്ടറുടെ സന്ദര്ശനം.
