എം.എഡ്. പ്രവേശനം 2026; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 07-ന് വൈകീട്ട് 03.00 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് തത്തുല്യ സംവരണ വിഭാഗക്കാർ – 155 രൂപ. മറ്റുള്ളവർ – 610 രൂപ. ഫീസടച്ചതിന് ശേഷം രസീത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻ ഡേറ്ററി ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്. തിരുത്തലുകൾക്കുള്ള സൗകര്യം രണ്ടാം അലോട്ട്മെന്റിന് ശേഷം ലഭ്യമാകും. ഒന്നാമത്തെ കോളേജ് ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോ ഡ് ചെയ്ത് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റ് ലഭിക്കുകയും ഹയർ ഓപ്ഷൻ നിലനിർത്തുകയും ചെയ്യുന്നവർ മാൻഡേറ്ററി ഫീസടച്ച് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്ക ണം. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യണം. ഹയർ ഓപ്ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷ നിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്നുള്ള അലോട്ട്മെന്റ് ലഭിച്ചാൽ സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവും. ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി, പുനർമൂല്യനിർണയഫലം
രണ്ട്, നാല് സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പേറ്റന്റ് യോഗ്യതാ നിർണയ പരിശീലനം
കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പും ഐ.പി.ആർ. സെല്ലും സംയുക്തമായി ഗവേഷകർക്കും അധ്യാപകർക്കുമായി പേറ്റന്റ് യോഗ്യതാ നിർണയം സംബന്ധിച്ച് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി ബൗദ്ധിക സ്വത്തവകാശത്തിന്റെ അടിസ്ഥാന തത്വങ്ങൾ, കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം, വ്യവസായിക ഉപയോഗക്ഷമത എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഐ.പി.ആർ അസോസിയേറ്റ് സി.കെ. പ്യാരി ഹസ്ന മെഹ്താബ് നേതൃത്വം നൽകി.
