മണ്ണാര്‍ക്കാട്: രാജ്യത്തെ സബ്സിഡി വള വിതരണ സംവിധാനം കൂടുതല്‍ സുതാര്യവും കര്‍ഷക സൗഹൃദവുമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഡിജിറ്റല്‍ സംവിധാനമായ ‘ഫ്രെയിം വര്‍ക്ക് ഫോര്‍ ഫെര്‍ട്ടിലൈസര്‍ സെയില്‍’ നടപ്പാക്കുന്നു. നിലവിലുള്ള ഇന്റഗ്രേറ്റഡ് ഫെര്‍ട്ടി ലൈസര്‍ മാനേജ്മെന്റ് സിസ്റ്റവുമായി സംയോജിപ്പിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി, കര്‍ഷകര്‍ക്ക് ആവശ്യമായ വളം മുന്‍കൂട്ടി അപേക്ഷിച്ച് സമയബന്ധിതമായി ഉറപ്പുവരുത്താന്‍ സാധിക്കും. വളത്തിന്റെ വിപണി ലഭ്യതയിലെ അനിശ്ചിതത്വം ഒഴിവാക്കി കൃത്യമായ ആസൂ ത്രണം സാധ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ആദ്യഘട്ടമായി കേരളത്തിലെ ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പൈലറ്റ് പദ്ധതി നടപ്പിലാ ക്കുന്നത്. അഗ്രിസ്റ്റാക്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍, ഭൂമി രേഖകളുള്ളവര്‍, പാട്ടക്കര്‍ഷകര്‍, സര്‍ക്കാര്‍/ക്ഷേത്രം/കമ്മ്യൂണിറ്റി ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ തുടങ്ങി നിയമാനുസൃതമായി കൃഷി ചെയ്യുന്ന എല്ലാവര്ക്കും സബ്സിഡി വളം ഇതിലൂടെ ലഭ്യമാകും. രേഖകളുടെ അഭാവം മൂലം യഥാര്‍ഥ കര്‍ഷകര്‍ക്ക് വളം നിഷേധിക്കപ്പെടില്ല എന്നത് ഈ സംവിധാനത്തിന്റെ അടിസ്ഥാന തത്വമാണ്. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, വളവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാം. ആധാര്‍ അധിഷ്ഠിത ഇ-കെവൈസി പൂര്‍ത്തിയാക്കിയ ശേഷം, ഭൂവിസ്തൃതിയും വിളയും അടിസ്ഥാനമാക്കി ആവശ്യമായ വളത്തിന്റെ അളവ് സംവിധാനം ശുപാര്‍ശ ചെയ്യും. അപേക്ഷ അംഗീകരിച്ചാല്‍ സ്റ്റോക്ക് ഉള്ള കടകള്‍ തിരഞ്ഞെടുത്ത് ക്യു.ആര്. കോഡോ ടോക്കണ്‍ നമ്പറോ ഉപയോഗിച്ച് വളം കൈപ്പറ്റാം.
മുഴുവന്‍ വളവും ഒരുമിച്ച് വാങ്ങണമെന്ന നിര്‍ബന്ധമില്ലാത്തതിനാല്‍, ഭാഗികമായി വാങ്ങിയാ ലും ബാക്കി അളവ് കര്‍ഷകന്റെ ക്വോട്ടയില്‍ നിലനില്ക്കും. വയോജനങ്ങള്‍ക്കും ഭിന്നശേഷി ക്കാര്‍ക്കുമായി പ്രതിനിധിയെ നിയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. വിവിധ സംസ്ഥാന ങ്ങളില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ആകെ വാങ്ങല്‍ ദേശീയ പരിധിക്കുള്ളിലാണെന്ന് ആധാര്‍ വഴി ഉറപ്പാക്കും. പാട്ടക്കര്‍ഷകര്‍ക്കും വനാവകാശ നിയമപ്രകാരം കൃഷി ചെയ്യുന്ന വര്‍ക്കും പ്രത്യേക അപേക്ഷാ വ്യവസ്ഥകളുണ്ട്.ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന അധികാരികള്‍ പരിഹരിക്കും.
എല്ലാ ഇടപാടുകളും കേന്ദ്രതലത്തില്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാല് ജില്ല, സംസ്ഥാനം, കേന്ദ്രം എന്നീ തലങ്ങളില്‍ തത്സമയ നിരീക്ഷണവും വിശകലനവും സാധ്യമാകും. ശുപാര്‍ശ ചെയ്തതിലധികം വളം വാങ്ങുന്ന ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. വിതരണ സംവിധാനത്തിലെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പി ക്കുക, സബ്സിഡി വളത്തിന്റെ ദുരുപയോഗം തടയുക എന്നിവയാണ് ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
