മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് പിന്തുണയുമായി പ്രസ് ക്ലബ് മണ്ണാര്‍ക്കാടും, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് യൂണിറ്റും സംയുക്തമായി നടത്തിയ സൗഹൃദഫുട്ബോള്‍ മത്സരം ആവേശമായി.
കുന്തിപ്പുഴ ബിര്‍ച്ചസ് ടര്‍ഫില്‍ നടന്ന മത്സരം പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയകള്‍ക്കെതിരെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിരോധ പദ്ധതിയാണ് ഓപ്പറേഷന് തൂഫാനെന്നും ഈ പോരാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും വ്യാപാരികളും തൂഫാന് വാരിയേഴ്സാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരും വ്യാപാരികളും ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, സെക്രട്ടറി രാജേഷ്, കെ.വി.വി.ഇ.എസ്. നേതാക്കളായ രമേശ് പൂര്‍ണിമ, ഷമീര്‍ യൂണിയന്,യൂത്ത് വിങ് യൂണിറ്റ് ഭാരവാഹികളായ ലിബീഷ്, അജീഷ്, മാധ്യമ പ്രവര്‍ത്തകരായ അനില്‍, അഷ്റഫ്, അജയന്, അബ്ദുല്‍ ഹാദി, അമീന്, മധു, അര്‍ഷാദ് തുടങ്ങി യവര്‍ പങ്കെടുത്തു.
