മണ്ണാര്‍ക്കാട്: മഴക്കാലത്ത് ഭക്ഷ്യജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത്, ജില്ലയിലെ എല്ലാ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലി ക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസന് സോ രജിസ്ട്രേഷനോ നിര്‍ബന്ധമാണ്.
ഭക്ഷണം പാകം ചെയ്യുന്നതിനും ഐസ് നിര്‍മാണത്തിനും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനും സുരക്ഷിതമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. വെള്ളം എന്‍.എ.ബി.എല്‍ അംഗീകൃത ലബോറട്ടറിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സ്ഥാപനത്തില്‍ സൂക്ഷിക്കണം. ജീവനക്കാര്‍ കൃത്യമാ യ വ്യക്തിശുചിത്വം പാലിക്കുകയും, അംഗീകൃത മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതുകയും വേണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന പാത്രങ്ങളും സംഭരണ സൗകര്യങ്ങളും അണുവിമുക്തമായിരിക്കണം. തയ്യാറാക്കിയ ഭക്ഷണം മൂടിവെച്ച് കൃത്യമായ താപനിലയില്‍ സൂക്ഷിക്കണം. മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നതിനൊപ്പം ബിന്നുകള്‍ എപ്പോഴും അടച്ചിടണം. ഈച്ച, കൊതുക്, എലി, പാറ്റ തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ അംഗീകൃത ഏജന്‍സികള്‍ വഴി ഫലപ്രദമായ കീടനിയന്ത്രണ സംവിധാനം നടപ്പിലാക്കണം.
പെട്ടെന്ന് കേടാകുന്ന മാംസം, മത്സ്യം, പാല് ഉല്‍പ്പന്നങ്ങള്‍ എന്നിവ റെഫ്രിജറേറ്ററുകളില്‍ 5ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും, ഡീപ് ഫ്രീസറുകളില്‍ -18ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും താപനില യില്‍ സൂക്ഷിക്കണം. അസംസ്കൃത ഭക്ഷണവും പാകം ചെയ്ത ഭക്ഷണവും വെവ്വേറെ സൂക്ഷിക്കു കയും അവയ്ക്കായി വെവ്വേറെ കത്തികള്‍, കട്ടിംഗ് ബോര്‍ഡുകള്‍, പാത്രങ്ങള്‍ എന്നിവ ഉപയോഗി ച്ച് പരസ്പരമലിനീകരണം ഒഴിവാക്കുകയും വേണം. പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും 50 പി.പി.എം ക്ലോറിനേറ്റഡ് വെള്ളത്തില്‍ അണുനശീകരണം നടത്തിയ ശേഷം മാത്രം ഉപയോഗി ക്കുക. അസംസ്കൃത മത്സ്യം, മാംസം, കോഴിയിറച്ചി കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷ വും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
കാലാവധി കഴിഞ്ഞതോ പൂപ്പല്‍ ബാധിച്ചതോ ആയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ല. ഭക്ഷ്യവസ്തുക്കള്‍ നിലത്ത് നേരിട്ട് വെക്കാതെ ഷെല്‍ഫുകളിലോ പാല റ്റുകളിലോ ഈര്‍പ്പം തട്ടാത്ത രീതിയില്‍ സൂക്ഷിക്കണം. മഴക്കാലത്ത് ബാക്ടീരിയകള്‍ പെട്ടെന്ന് വളരുന്നതിനാല്‍, പാകം ചെയ്ത ഭക്ഷണങ്ങള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വെക്കാന്‍ പാടില്ല. ഉപയോഗിക്കാത്തവ ഉടന്‍ തന്നെ സുരക്ഷിതമായ ചൂടിലോ ശീതീകരണ സംവിധാനത്തിലോ മാറ്റേണ്ടതാണെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
