വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യും
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷന് വളപ്പുകളിലും പരിസരങ്ങളിലും വര്‍ഷങ്ങളായി കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങല്‍ നീക്കം ചെയ്യാന്‍ ആഭ്യന്തരവകുപ്പ് പുതിയ പദ്ധതി ആവി ഷ്കരിച്ചു. ‘സ്പേസ്’ (സ്ക്രാപ് പ്രാസസിങ് ഫോര്‍ ഏരിയ ക്ലീനപ് ആന്‍ഡ് എന്‍ഹാന്‍സ്മെന്റ് ) എന്ന പേരിട്ടിരിക്കുന്ന പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ഏറെക്കാലമായി പൊലിസ് സ്റ്റേഷനുകള്‍ നേരിടുന്ന വലിയൊരു പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്.കേരള പൊലിസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേ ഷന് ലിമിറ്റഡിന്റെ നേതൃത്വത്തില്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘സീറോ’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന ടാഗ്ലൈനിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന പൊലിസ് മേധാവി ചെയര്‍മാനായും കെ.പി. എച്ച്.സി.സി. മാനേജിംഗ് ഡയറക്ടര്‍ അംഗവുമായുള്ള ഉന്നതതല സമിതിയാണ് പദ്ധതിയുടെ കൃത്യമായ നടത്തിപ്പിന് രൂപം നല്‍കുക.സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തി നടപടികള്‍ സമയബ ന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സ്റ്റേഷന് പരിസരങ്ങള്‍ പൂര്‍ണ്ണമായും ശുചിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങ ളായി ഇത്തരത്തില്‍ വാഹനങ്ങള്‍ കിടക്കുന്നത് പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. നിലവില്‍ വാഹനങ്ങള്‍ ലേലം ചെയ്യുന്ന രീതിയുണ്ടെങ്കിലും അത് പലപ്പോഴും പ്രായോഗികമായ ഒരു ശാശ്വത പരിഹാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സ്ക്രാപ്പ് പ്രോസസിംഗ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്. പദ്ധതിയുടെ വിശദമായ നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
