മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നകാര്യത്തില്‍ മുസ്ലിം ലീഗ് നയം വ്യക്തമാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി സുരേഷ് രാജ് ആവശ്യപ്പെട്ടു.പദ്ധതി നടപ്പിലാക്കാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ നിലപാടിനെതിരെ സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ ജില്ലാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ്. ഭരണകാലത്ത് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്നു വാസുകിയെന്ന ഉദ്യോഗസ്ഥയാണ് ഡല്‍ഹിയില്‍പോയി ആരുമറിയാതെ പദ്ധതിയില്‍ ഒപ്പിട്ടതെന്ന് സുരേഷ് രാജ് ആരോപിച്ചു. അവര്‍ ഇപ്പോള്‍ കേരള ഗവര്‍ണറുടെ സെക്രട്ടറിയാണ്. വാസുകിയുടെ ആര്.എസ്.എസ്.-ബി.ജെ.പി. ബന്ധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പി.എം. ശ്രീയില്‍ ഒപ്പിട്ടതിനെ നിശിതമായി വിമര്‍ശിക്കുകയും ഒരുകാരണവശാലും പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയാണ് സി.പി.ഐ. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.
പദ്ധതിയെ എതിര്‍ത്ത ഇന്നത്തെ മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും, അധികാരത്തിലെ ത്തിയാല് പി.എം. ശ്രീയെ അറബിക്കടലില്‍ എറിയുമെന്നുപറഞ്ഞ മന്ത്രി കെ.എം ഷാജിയ്ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറയുന്നത് സര്‍ക്കാരെന്ന് പറഞ്ഞാല്‍ തുടര്‍ച്ചയാണെന്നാണ്. സമസ്തയുടെ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയം തിരുത്തണമെന്നാണ് ആവശ്യപ്പെട്ടത്.കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള കാവിവല്‍ക്കരണമാണ് നടക്കുന്നതെന്ന് തിരിച്ചറിയാത്തവരാണോ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമെന്നും സുരേഷ് രാജ് ചോദിച്ചു.
മണ്ഡലം സെക്രട്ടറി എ.കെ അബ്ദുള്‍ അസീസ് അധ്യക്ഷനായി. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, മണ്ഡലം അസി.സെക്രട്ടറി കെ.രവികമാര്‍, രവി എടേരം, ഭാസ്കരന് മുണ്ടക്കണ്ണി, പരമശിവന്, മന്‍സില്‍ അബൂബക്കര്‍, അബൂറജ, സുരേഷ് കൈതച്ചിറ, സി.മുത്തു, ഷെമീര്‍, രവി സത്യന്, പ്രേമന്, സലാം പാക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
