എടത്തനാട്ടുകര:വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണത്തെയും സാംസ്കാരിക അധിനി വേശത്തെയും ചെറുക്കുന്ന ശക്തമായ നിലപാടാകണം പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം വിജ്ഞാനവേദി ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ചരിത്രത്തെ വളച്ചൊടിച്ച് വിഭജനത്തിന്റെ രാഷ്ട്രീയം പുതിയ തലമുറയില്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടണം.വിദ്യാഭ്യാസം സംസ്ഥാനങ്ങള്‍ക്ക് കൂടി അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെന്നിരിക്കെ, ഫണ്ടുകള്‍ തടഞ്ഞുവെക്കുന്ന കേന്ദ്ര സമീപനത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിജ്ഞാന വേദിയില്‍ സി.പി. റഫീഖ് സലഫി ‘അന്ത്യനാള്‍ അടുക്കുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിസ്ഡം മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, യൂത്ത് മണ്ഡലം പ്രസിഡന്റ് എന്‍. ഷഫീഖ്, മണ്ഡലം സെക്രട്ടറി ഡോ. ടി. ഷാജി സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന കൗണ്‍സിലര്‍ സലാഹുദ്ദീന് ബിന്‍ സലീം എന്നിവര്‍ സംസാരിച്ചു.
