നാട്ടുകാര്‍ക്ക് ആശ്വാസമായി പഞ്ചായത്ത് അംഗത്തിന്റെ ഇടപെടല്‍
കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ തുപ്പനാട്-മീന്‍വല്ലം പുഴയിലേക്ക് കാറ്റത്ത് ഒടിഞ്ഞുവീണ കൂറ്റന്‍ ചേരുമരത്തിന്റെ കൊമ്പ് ഗ്രാമ പഞ്ചായത്ത് അംഗം എം.എം തങ്കച്ചന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു.പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ദേഹമാസകലം ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങളുടെ പ്രയാസം തിരിച്ചറിഞ്ഞാണ് പഞ്ചായത്ത് അംഗം അടി യന്തരമായി ഇടപെട്ടത്.
ചൊവ്വാഴ്ച ചെയിന്‍സോയുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ മരംമുറി രംഗത്തുള്ള മൂന്നേക്കര്‍ സ്വദേശികളായ രണ്ടുപേരുള്‍പ്പെട്ട സംഘമാണ് മരക്കൊമ്പ് പുഴയില്നിന്നെടുത്ത് മറ്റൊരിടത്തേക്ക് മാറ്റിയത്. തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റിലാണ് മൂന്നേക്കര്‍ ചപ്പാത്ത് പാലത്തിനടുത്തുള്ള ചേരുമരത്തിന്റെ വലിയചില്ല പുഴയിലേക്ക് വീണത്. നീരൊഴുക്ക് തടസപ്പെടുന്ന നിലയിലാണ് മരംകിടന്നിരുന്നത്. കൂടാതെ മരം വീണ ഭാഗത്തിന് 500 മീറ്റര്‍ ചുറ്റളവില്‍ വെള്ളത്തിലിറങ്ങിയവര്ക്ക് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ചിലര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരികയും ചെയ്തു.നാട്ടുരീതികളായ താന്നിമരത്തി ന്റെ ഇലകളിട്ട വെള്ളത്തില്‍ കുളിക്കുന്നതടക്കമുള്ള പ്രതിവിധികള്‍ പരീക്ഷിച്ചിട്ടും ഫലമുണ്ടാ കാതെ വന്നതോടെയാണ് ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആല്‍ക്കലോയിഡുകള്‍ അടങ്ങിയ ചേരുമരം ചൊറിച്ചിലും പൊള്ളലും ഉണ്ടാക്കുന്നതിനാല്‍ ഇത് മുറിക്കാന്‍ സാധാരണയായി ആരും ധൈര്യപ്പെടാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പഞ്ചായത്ത് അംഗം മരം നീക്കം ചെയ്യാന്‍ മുന്‍കൈ എടുത്തത്.
