തച്ചമ്പാറ: പഞ്ചായത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ പ്രതിഷേധിച്ച് ബി.ജെ.പി. തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് ഉദ്ഘാടനം ചെയ്തു.
തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്ത് 13ലക്ഷത്തോളം രൂപ തട്ടിയെന്ന കേസില്‍ കഴിഞ്ഞദിവസമാണ് താത്കാലിക ജീവനക്കാരായിയ ചൂരിയോട് പറമ്പില്‍ വിദ്യ (38), ഭര്‍ത്താവ് രാധാകൃഷ്ണന് (50), ബന്ധു സുശീല (35) എന്നിവരെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തത്. കേന്ദ്രധനകാര്യ കമ്മീഷന്റെ ഗ്രാന്റ് അക്കൗണ്ടുകളില്‍ നിന്ന് 17 തവണകളായി 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പഞ്ചായത്തിന്റെ യൂസര്‍നെയിം, പാസ് വേര്‍ഡ്, സെക്രട്ടറി യുടെ ഡിജിറ്റല്‍ ഒപ്പ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തുക ഭര്‍ത്താവ് രാമകൃഷ്ണന്റെയും ബന്ധു സുശീലയുടേയും അക്കൗണ്ടുകളിലേക്കാണ് മാറ്റിയതെന്ന് പൊലിസ് പറയുന്നു.
2012 മുതല്‍ 2024 വരെയുള്ള കാലത്ത് കേന്ദ്രധനകാര്യ കമ്മീഷന് ഗ്രാന്റ് വരുന്ന കേരള ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടില്‍ ചെലവഴിച്ചതിന്റെ ബാക്കി തുകയാണ് ഇരുവരുടേയും അക്കൗണ്ടിലേ ക്ക് മാറ്റിയത്. പഞ്ചായത്തില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷം 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പെടുന്നത്. തുടര്‍ ന്ന് പഞ്ചായത്ത് സെക്രട്ടറി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് അന്വേഷണം ഉള്‍പ്പടെ നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രശാന്ത് ശിവന് ആവശ്യപ്പെട്ടു.
തച്ചമ്പാറ ജംങ്ഷനില്‍ നിന്നും പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ പഞ്ചായത്ത് ഗേറ്റിന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍. രതീഷ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് നിധിന് ശങ്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് രവി അടിയത്ത്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി രാജു കാട്ടുമുറ്റം, വി.ഗോപാലകൃഷ്ണന്, ഒ.ബി.സി. മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് തൊട്ടിയില്‍, ജോസഫ് ചാക്കോ, കെ.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
