കാരാകുറിശ്ശി: ഫിഫ വേള്‍ഡ് കപ്പിന്റെ ആവേശമുയര്‍ത്തി 12 അടി ഉയരമുള്ള വേള്‍ഡ് കപ്പിന്റെ മാതൃക ഒരുക്കിയിരിക്കുകയാണ് കാരാകുര്‍ശ്ശിയിലെ ഫുട്ബോള്‍ ആരാധകര്‍. കാവിന്‍പടി എയിംസ് കലാകായിക വേദി,ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് വേള്‍ഡ് കപ്പ് മാതൃക ഒരുക്കിയത്. കാവിന്‍പടി ജംങ്ഷനില്‍ സ്ഥാപിച്ച കപ്പ് മാതൃക പൂര്‍ണ്ണമായും സിമെന്റും,കമ്പി യും ഉപയോഗിച്ച് നിര്‍മിച്ചതാണ്. ക്ലബ്ബിലെ തന്നെ അംഗങ്ങളുടെ അധ്വാനത്തിന് പുറമെ 15,000 ലധികം രൂപ ചിലവഴിച്ച് 20 ദിവസങ്ങള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിവിധ ആരാധകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുബോള്‍ പ്രകൃതി സൗഹൃദപരമായ പ്രചരണം മതി എന്ന തീരുമാനത്തിലാണ് ഇത്തരത്തില്‍ കപ്പ് മാതൃക ഒരുക്കാന്‍ കാരണമായത്. കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഇതിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി എം.ജി.രഘുനാഥ് അധ്യക്ഷനായി.ക്ലബ്ബ് പ്രസിഡന്റ് എസ്.സുശാന്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അലി അസ്കര്‍ എന്നിവര്‍ സംസാരിച്ചു.
